രാജ്യത്ത് തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഒമ്പത് വയസിനു താഴെയുള്ള നൂറോളം കുട്ടികളെ തക്കാളിപ്പനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത് എന്നതിനാൽ തക്കാളിപ്പനിക്കെതിരെ മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് തക്കാളിപ്പനി?
വൈറസ് മൂലമാണ് തക്കാളിപ്പനിയുണ്ടാവുന്നത്. രോഗിയുടെ ശരീരത്തിൽ തക്കാളി പോലെ ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുന്നതിനാലാണ് അണുബാധയ്ക്ക് 'തക്കാളിപ്പനി' എന്ന് പേര് നൽകിയിരിക്കുന്നത്. 'ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസി'ന്‍റെ വകഭേദമായ ഈ രോഗം പ്രധാനമായും കുട്ടികളിലാണ് കണ്ടുവരുന്നത്. ആദ്യമായി കേരളത്തിലെ കൊല്ലം ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് ലാൻസറ്റ് റെസ്പിറേറ്ററി ജേണൽ പറയുന്നു. മുതിർന്നവരെ വളരെ അപൂർവമായി മാത്രമേ ഈ രോഗം ബാധിക്കാറുള്ളൂ. എന്നാൽ, പ്രതിരോധശേഷി കുറഞ്ഞ ആളുകളെയും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കടുത്ത പനി, ശരീരവേദന, സന്ധികളിലെ നീർവീക്കം, ക്ഷീണം, നിർജലീകരണം എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ചില രോഗികളിൽ ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാവാം. തീവ്രത കുറവാണെങ്കിലും രോഗം പെട്ടന്ന് പടരാൻ സാധ്യതയുണ്ട്.
നിർദേശവുമായി കേന്ദ്രസർക്കാർ
നിലവിൽ കേരളം, തമിഴ്നാട്, ഹരിയാന, ഒഡീസ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാചഹര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തക്കാളിപ്പനിയുടെ ലക്ഷണങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കണമെന്ന് നിർദേശത്തിലുണ്ട്. മറ്റ് കുട്ടികളിലേക്കോ മുതിർന്നവരിലേക്കോ അണുബാധ പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് മുതൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ നിരീക്ഷണത്തിൽ തുടരണം. രോഗിയുമായി സമ്പർക്കം ഒഴിവാക്കണം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി കുട്ടികൾക്ക് പോഷകാഹാരം നൽകണമെന്നും നിർദേശത്തിലുണ്ട്.
എടുക്കാം മുൻകരുതലുകൾ
കുഞ്ഞുങ്ങൾക്ക് അണുബാധ ഉണ്ടാവാതിരിക്കാൻ കുട്ടികൾ ഇടപഴകുന്ന ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മുതിർന്നവർ വ്യക്തി ശുചിത്വം പാലിക്കുകയും വേണം. കുഞ്ഞുങ്ങളിൽ പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ പെട്ടന്നുതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.