ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് സ്മാർട് വാച്ച്. ഹോക്കി വെയിൽസ് സി.ഇ.ഒ ആയ പോൾ വാഫാമിനാണ് പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റൺ ഭാഗത്താണ് സ്ഥിരമായി ഇദ്ദേഹം ഓടാനിറങ്ങുന്നത്.
ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്മാർട് വാച്ച് വഴി അദ്ദേഹം ഭാര്യയെ വിളിച്ചു. ഭാര്യ ഉടൻ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴുമുതൽ കുറച്ചുസമയം പോൾ ഓടാനിറങ്ങും. ''ഓടാൻ തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. നെഞ്ചിന് ഭാരം കൂടുന്നത് പോലെ തോന്നി. തുടർന്ന് റോഡിൽ കുത്തിയിരുന്നു. ശ്വാസമെടുക്കാനും നന്നേ ബുദ്ധിമുട്ടി. വേദന അസഹനീയമായിരുന്നു. സ്മാർട് വാച്ച് വഴി ഭാര്യ ലോറയെ വിളിക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ ഫോൺവിളിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യയെത്തി കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തക്ക സമയത്ത് ഇടപെട്ടതിനാൽ ജീവൻ രക്ഷപ്പെട്ടു.''പോൾ പറഞ്ഞു. പോളിന് അമിത ഭാരമുണ്ടായിരുന്നില്ല. ഫിറ്റ്നസ് നിലനിർത്താൻ വ്യായാമവും പതിവായി ചെയ്തിരുന്നു. മറ്റൊരു തരത്തിലുള്ള റിസ്കും ഇല്ലതാനും. എന്നിട്ടും ഹൃദയാഘാതം സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ചതായും പോൾ പറഞ്ഞു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ധമനികളിൽ ഒന്നിൽ പൂർണമായ തടസ്സം കാരണമാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയുടെ കാർഡിയാക് സെന്ററിലെ കത്തീറ്ററൈസേഷൻ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ധമനിയിലെ തടസ്സം നീക്കി. ആറുദിവസത്തെ ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.