ബംഗാളിൽ വീണ്ടും ബ്ലാക്ക് ഫീവർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11 ജില്ലകളിൽ ബ്ലാക്ക് ഫീവർ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. കാലാ അസർ എന്ന് വിളിക്കുന്ന രോഗം 65 പേരിലാണ് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടതായി പ്രഖ്യാപിച്ച അസുഖമാണ് ബ്ലാക്ക് ഫീവർ. ഡാർജീലിങ്, കാലിംപോങ്, ഉത്തർ ദിനജ്പൂർ, ദക്ഷിൺ ദിനജ്പൂർ, മാൽഡ എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗം പടർന്നിരിക്കുന്നത്.

സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് ബ്ലാക്ക് ഫീവർ സ്ഥിരീകരിച്ചത്. രോഗികൾക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചവരാണ് ഭൂരിഭാഗം രോഗികളുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തരം മണലീച്ചയിലൂടെയാണ് ബ്ലാക്ക് ഫീവർ പടരുക. ലീഷ്മാനിയാസിസ് എന്നും രോഗം അറിയപ്പെടാറുണ്ട്. ശരീരം ശോഷിക്കുക, മജ്ജയും കരളും വലുതാവുക, വിളർച്ച, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ അസുഖം ബാധിക്കുന്നതോടെ ചർമത്തിന്‍റെ നിറം ഇരുണ്ട് തുടങ്ങുമെന്നത് കൊണ്ടാണ് ബ്ലാക്ക് ഫീവർ എന്ന് പേര് വന്നത്.

Tags:    
News Summary - West Bengal: 11 districts report cases of black fever, say health official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.