ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്കുകൾ മാറുന്നതിനൊപ്പം സ്കൂളുകളും പടിപടിയായി തുറക്കുകയാണ്. യു.എ.ഇ ഉൾപെടെയുള്ള രാജ്യങ്ങൾ പൂർണമായും ക്ലാസ് മുറി പഠനത്തിലേക്ക് മാറാനുള്ള ചുവടുവെപ്പിലാണ്. ചില രാജ്യങ്ങളിൽ ക്ലാസ്മുറിയിലും ഓൺലൈനിലുമായി ഹൈബ്രിഡ് പഠന രീതി തുടരുന്നു. ഒരുപാടു നാളുകൾക്കുശേഷം കുട്ടികൾ സ്കൂളിലേക്കും കളിസ്ഥലങ്ങളിലേക്കും തിരികെയെത്തുന്നത് സന്തോഷകരമായ നിമിഷമാണ്. നിരത്തിലെ സ്കൂൾ ബസുകളും കുട്ടികളെ സന്തോഷത്തോടെ യാത്രയാക്കുന്ന മാതാപിതാക്കളുമെല്ലാം കണ്ണിന് കുളിര് പകരുന്ന കാഴ്ചകളാണ്.
ബലമായി ചുമത്തപ്പെട്ട ഉദാസീനമായ ജീവിതം കാരണം കുട്ടികളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അമിതമായ ശരീരഭാരം, പെരുമാറ്റ പ്രശ്നങ്ങൾ, കണ്ണ്, ഉറക്ക പ്രശ്നങ്ങൾ എന്നിവ സാധാരണമായിരിക്കുന്നു. ഈ അവസരത്തിൽ സ്കൂളിലേക്ക് തിരികെ വരുന്ന കുട്ടികൾക്ക് കുറച്ചുകൂടി കരുതൽ നൽകണം.
കോവിഡ് ഈ ലോകത്ത് തന്നെയുണ്ട് എന്ന് മനസ്സിൽ കരുതിവേണം അവരെ സ്കൂളിലേക്ക് യാത്ര അയക്കാൻ. അവരെ മുൻകരുതലെടുക്കാൻ പ്രാപ്തരാക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. മാസ്ക് ധരിക്കാനുള്ള ശരിയായ മാർഗങ്ങൾ, ശരിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണം. അവരുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വേണ്ടത്ര ഉറക്കവും ശരിയായ ജലാംശവും ഉറപ്പാക്കാനും സ്ക്രീൻ സമയത്തിൽ നിയന്ത്രണം ഉറപ്പാക്കാനും ശ്രമിക്കുക. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുക. ചില രാജ്യങ്ങൾ കുട്ടികൾക്ക് വാക്സിനേഷൻ നൽകി തുടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ ഉപദേശത്തോടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകാം. ഗൾഫ് നാടുകളിൽ തണുപ്പുകാലം വൈകാതെ എത്തുമെന്നതിനാൽ എല്ലാ വൈറൽ അണുബാധകളും വർധിക്കാൻ സാധ്യതയുണ്ട്. ഇതിൽനിന്നും മുൻകരുതൽ സ്വീകരിക്കണം. ശ്വാസകോശ സംബന്ധമായ അണുബാധയുടെ സൂചനയുണ്ടെങ്കിൽ കുട്ടിയെ എല്ലാ ദിവസവും നിരീക്ഷിക്കുകയും സുഖം പ്രാപിക്കുന്നതുവരെ വീട്ടിൽ സംരക്ഷിക്കുകയും ചെയ്യുക.
സ്കൂൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ കുട്ടികൾ ശ്രദ്ധിക്കണം. ഇതുറപ്പാക്കാനുള്ള ബാധ്യത അധ്യാപകർക്കും ജീവനക്കാർക്കുമുണ്ട്. ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സ്പോർട്സിലും മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും മതിയായ പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകരുടെ ഉപദേശവും സഹായവും ആവശ്യമുള്ളപ്പോൾ മടി കൂടാതെ അവരെ സമീപിക്കുക.
സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. പേന ഉൾപെടെയുള്ള പഠനോപകരണങ്ങൾ പരസ്പരം പങ്കുവെക്കരുത്. ഭക്ഷണവും പങ്കുവെച്ച് കഴിക്കരുത്. സ്കൂളിൽ സ്ഥാപിച്ച സാനിറ്റൈസർ സംവിധാനം ഇടക്കിടെ ഉപയോഗിക്കണം. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. വീട്ടിൽ മടങ്ങിയെത്തിയാലും മാസ്ക് എവിടെയെങ്കിലും വലിച്ചെറിയരുത്. കൃത്യമായി നിർമാർജനം ചെയ്യണം. ഇത് രക്ഷിതാക്കൾ ശ്രദ്ധിക്കണം.
സ്കൂൾ ബസുകളിലും അകലം പാലിക്കണം. സ്കൂൾ പഠനസമയം കഴിഞ്ഞാൽ അധിക സമയം ചുറ്റിത്തിരിയാതെ വീടുകളിൽ എത്തണം. ഒരുവർഷത്തെ പഠനകാലം നഷ്ടപ്പെട്ട ശേഷം ക്ലാസിൽ എത്തുന്ന കുട്ടികളോട് അധ്യാപകരും സൗമ്യമായി പെരുമാറണം. അവരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ഏറ്റവും നന്നായി കഴിയുന്നത് അധ്യാപകർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.