കൊച്ചി: ക്ഷയരോഗ പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലായി. കേന്ദ്ര ടി.ബി ഡിവിഷനിൽനിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, പ്രതിസന്ധി നേരത്തേ അറിയിച്ചിരുന്നെങ്കിലും മുന്നൊരുക്കങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് കേന്ദ്ര വിശദീകരണം. ക്ഷയരോഗം സ്ഥിരീകരിക്കുന്നവർക്ക് മുടക്കമില്ലാതെ നൽകേണ്ടതും സർക്കാർ സൗജന്യമായി നൽകിയിരുന്നതുമായ മരുന്നുകൾക്കാണ് ദൗർലഭ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മരുന്നുവിതരണം പ്രതിസന്ധിയിലായിട്ട് മാസങ്ങൾ കഴിഞ്ഞു.
ചിലയിടങ്ങളിൽ ജില്ലതലത്തിൽ അപൂർവമായി മാത്രം ലഭിക്കുന്നുണ്ട്. മരുന്നുവിതരണം പ്രതിസന്ധിയിലായതോടെ രോഗികളെ നിരീക്ഷിക്കേണ്ട ആശ വർക്കർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരും മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികൾ ഉൾപ്പെടെയുള്ളവരാണ് ദുരിതമനുഭവിക്കുന്നത്. അസുഖം പോസിറ്റീവാണെന്ന് തിരിച്ചറിയുന്ന രോഗികൾ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ഇവർക്ക് ആരോഗ്യ പ്രവർത്തകർ വഴി മരുന്ന് നൽകുകയുമാണ് ചെയ്യുന്നത്. ആദ്യത്തെ 56 ദിവസത്തെ തീവ്രഘട്ട ചികിത്സക്കുശേഷം തുടർചികിത്സയുമുണ്ട്. ഈ രീതിയിൽ ആറുമാസം മുതൽ രണ്ടുവർഷം വരെ നീളുന്ന ചികിത്സയാണ് നിർദേശിക്കപ്പെടുന്നത്.
രോഗം തിരിച്ചറിഞ്ഞാൽ ആദ്യത്തെ രണ്ടുമാസം രോഗികൾക്ക് നൽകുന്ന റിഫാമ്പിസിൻ, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, എത്താംബ്യൂട്ടോൾ തുടങ്ങിയ മരുന്നുകളുൾപ്പെടുന്ന സംയുക്ത മരുന്നിനാണ് ക്ഷാമം. ദിവസം ഒരു നേരമാണ് ഈ മരുന്ന് കഴിക്കേണ്ടത്. നേരത്തേ ഒരു മാസത്തേക്കുള്ള മരുന്നാണ് രോഗികൾക്ക് നൽകിയിരുന്നതെങ്കിൽ ക്ഷാമമായതോടെ അഞ്ച് ദിവസത്തേക്കുള്ള മരുന്നാണ് ചിലയിടങ്ങളിൽ നൽകുന്നത്. മരുന്ന് മുടങ്ങിയാൽ തുടർചികിത്സയെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇതിനുപുറമെ, നിശ്ചിത കോമ്പിനേഷൻ ഡോസുള്ള മരുന്നുകളുടെ അഭാവം മൂലം ഓരോ മരുന്നുകളും പ്രത്യേകം ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശം നൽകുന്നുണ്ട്. ഇതോടെ രോഗികൾ കഴിക്കേണ്ട ഗുളികകളുടെ എണ്ണം ഉയരും.
കോവിഡ് കാലഘട്ടത്തിൽ ക്ഷയരോഗ നിർണയം കാര്യക്ഷമമായി നടന്നിരുന്നില്ല. എന്നാൽ, കോവിഡ് പ്രതിസന്ധി നീങ്ങിയതോടെ രോഗനിർണയം സജീവമാകുകയും പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുമുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.