സ്ത്രീകളുടെ ആരോഗ്യശാക്തീകരണം

സ്ത്രീകളുടെ ശാരീരിക, ലൈംഗിക ആരോഗ്യത്തെക്കുറിച്ച് തുറന്ന മനസ്സോടെ സംസാരിക്കാനും മുൻവിധികൾ മാറ്റിനിർത്തി ചികിത്സ തേടാനും നമുക്ക് ​പ്രതിജ്ഞാബദ്ധരാകാം. ഇത് സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയും സമൂഹത്തിന്റെ പുരോഗതിക്ക് വഴിവെക്കുകയും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി വാദിക്കുന്ന അന്താരാഷ്ട്ര വനിത ദിനം, പ്രത്യേകിച്ച് ആരോഗ്യമേഖലയിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും കൂടി ചിന്തിക്കാനുള്ള നിമിഷമാണ്. ആരോഗ്യപരിപാലന മേഖലയിൽ സ്ത്രീകൾ നേടിയ പുരോഗതിയെയും നേരിടുന്ന വെല്ലുവിളികളെയും ഓർമപ്പെടുത്തുന്ന ഈ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നു.

കഴിഞ്ഞ യൂനിയൻ ബജറ്റിൽ സ്ത്രീശാക്തീകരണത്തിനും പൊതുവായ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം ഈ നിമിഷം ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.

സ്ത്രീകളുടെ ജീവിതങ്ങളെ വളരെയധികം സ്വാധീനിക്കുന്ന മെഡിക്കൽ ഇടപെടലുകളുടെ പ്രാധാന്യം ഗൈനക്കോളജി മേഖലയിൽ ഈ ദിനം കൂടുതൽ പ്രസക്തമാണ്. ഒരു സീനിയർ ലാപ്രോസ്കോപ്പിക് & റോബോടിക് ഗൈനക്കോളജിസ്റ്റ് എന്നനിലയിൽ, വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽപെട്ടതും വിവിധ പ്രായത്തിലുമുള്ള സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം എത്തിക്കുന്നതിന്റെ ആഴത്തിലുള്ള സ്വാധീനം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഗൈനക്കോളജിക്കൽ അവസ്ഥകൾ ശാരീരിക അസ്വസ്ഥതകൾക്കും മാനസികപ്രയാസങ്ങൾക്കും കാരണമാകുന്നു. ഉദാഹരണത്തിന്, ഗർഭപാത്രവും മറ്റ് അവയവങ്ങളും താഴേക്ക് ഇറങ്ങുന്ന അവസ്ഥ (Pelvic Organ Prolapse) ഏകദേശം 3 ശതമാനം മുതൽ 6 ശതമാനംവരെ സ്ത്രീകളെ ബാധിക്കുന്നുണ്ട്. പ്രായം കൂടുംതോറും ഈ അവസ്ഥയുടെ സാധ്യതയും വർധിക്കുന്നു. എന്നിരുന്നാലും, പെൽവിക് ഫ്ലോർ ഡിസോർഡേഴ്സിനെക്കുറിച്ച് സംസാരിക്കുന്നതിനോടുള്ള മുൻവിധികൾ കാരണം പല സ്ത്രീകളും നിശ്ശബ്ദത പാലിക്കുകയും സമയോചിതമായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

ഈ ലോക വനിത ദിനത്തിൽ, സ്ത്രീകളുടെ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരികവും ലൈംഗികവുമായ ആരോഗ്യം എന്നിവ സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് അടിസ്ഥാനമാണ്. എന്നാൽ, ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള മുൻവിധികൾ സ്ത്രീകളെ സമയോചിതമായ ചികിത്സ തേടുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു. ഈ മുൻവിധികൾ മാറ്റിനിർത്തി, തുറന്നമനസ്സോടെ ആരോഗ്യപരിപാലനം തേടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ സാധാരണമാണ്. ആർത്തവ അപാകതകൾ, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മുഴകൾ, അണുബാധകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാൽ, ഈപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനോടുള്ള മടിയും മുൻവിധികളും നിഴലിച്ചിരിക്കുന്നതിനാൽ, പലസ്ത്രീകളും ചികിത്സതേടാൻ മടി കാണിക്കുന്നു. ഇത് അവരുടെ ശാരീരിക, ലൈംഗിക ആരോഗ്യത്തെ ബാധിക്കുകയും ജീവിതനിലവാരം കുറക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ ശാരീരിക, ലൈംഗിക ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാനും മുൻവിധികൾ മാറ്റിനിർത്താനും നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. സ്കൂളുകളിലും കമ്യൂണിറ്റികളിലും ലൈംഗിക വിദ്യാഭ്യാസം നൽകുക, ആരോഗ്യപ്രവർത്തകരെ വിദ്യ അഭ്യസിപ്പിക്കുക, മെഡിക്കൽ സഹായ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കംചെയ്യുക എന്നിവയെല്ലാം പ്രധാനമാണ്.

അതുപോലെ എടുത്തുപറയേണ്ട മറ്റൊന്നാണ് ഗൈനക്കോളജി മേഖലയിലെ പുരോഗതിയും മികച്ച ചികിത്സാ സാധ്യതകളും. ഇതിലൂടെ രോഗനിർണയത്തിനും ചികിത്സക്കും കുറഞ്ഞ ഇൻവേസിവ് രീതികൾ നൽകുന്നതിലൂടെ പരമ്പരാഗത ശസ്ത്രക്രിയകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി ഗുണങ്ങൾ നൽകുന്നു.

ലാപ്രോസ്കോപ്പിക് & റോബോട്ടിക്​ ശസ്ത്രക്രിയകൾ പോലുള്ള നൂതനസാങ്കേതിക വിദ്യകൾ ചെറിയ മുറിവുകൾ, കുറഞ്ഞ രക്തസ്രാവം, വേഗത്തിലുള്ള സുഖംപ്രാപിക്കൽ, മെച്ചപ്പെട്ട ഫലങ്ങൾ എന്നിവ നൽകുന്നു. ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം, ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ് തുടങ്ങിയ അവസ്ഥകൾ ഇന്ന് കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കുന്നു. ഈ പുരോഗതി സ്ത്രീകൾക്ക് മികച്ച ചികിത്സാ സാധ്യതകൾ നൽകുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതിനാൽ, സ്ത്രീകളുടെ ശാരീരിക, ലൈംഗിക ആരോഗ്യത്തെക്കുറിച്ച് തുറന്ന മനസ്സോടെ സംസാരിക്കാനും മുൻവിധികൾ മാറ്റിനിർത്തി ചികിത്സ തേടാനും നമുക്ക് ​പ്രതിജ്ഞാബദ്ധരാകാം. ഇത് സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയും സമൂഹത്തിന്റെ പുരോഗതിക്ക് വഴിവെക്കുകയും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.

Tags:    
News Summary - Women's Health empowerment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.