പരിഷ്‍കാരിയായി എം.ജി ഹെക്ടർ; ലെവൽ ടു എഡാസ് ഉൾപ്പടെ നിരവധി മാറ്റങ്ങൾ

പരിഷ്‍കരിച്ച ഹെക്ടർ അവതരിപ്പിച്ച് എം.ജി മോട്ടോർസ്. 2019ല്‍ പുറത്തിറങ്ങിയ ശേഷം ഹെക്ടര്‍ എസ്‌.യു.വിക്ക് ലഭിക്കുന്ന ആദ്യ അപ്ഡേറ്റാണിത്. അകത്തും പുറത്തും മാറ്റങ്ങളുമായാണ് ഫേസ്‍ലിഫ്റ്റ് ഹെക്ടർ എത്തുന്നത്. പുതിയ ഫ്രണ്ട്‌റിയര്‍ ഡിസൈന്‍, നവീകരിച്ച ക്യാബിന്‍, ലെവൽ ടു എഡാസ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 11ന് നടക്കുന്ന ഓട്ടോ എക്സ്പോ 2023ല്‍ വില പ്രഖ്യാപിക്കും.

പുറ​ത്തെ മാറ്റങ്ങൾ

വാഹനത്തിൽ സൂക്ഷ്മമായ സൗന്ദര്യവർധക മാറ്റങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ബമ്പറിലേക്ക് നീളുന്ന കൂറ്റന്‍ ഡയമണ്ട് ആന്‍ഡ് ക്രോം-ഹെവി ഫ്രണ്ട് ഗ്രില്ലാണ് ഇതില്‍ ഏറ്റവും പ്രധാനം. സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം ഔട്ട്ഗോയിങ് മോഡലിലേതിന് സമാനമാണ്. ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകളുടെ ഡിസൈന്‍ പുതിയതാണ്. 18 ഇഞ്ച് അലോയ് വീലുകള്‍ പഴയ ഡിസൈന്‍ തന്നെ ഉപയോഗിക്കുന്നു.പിന്നിലെ മാറ്റങ്ങളിൽ പ്രധാനം ചില ബാഡ്ജിങ്ങുകൾ ഒഴിവാക്കിയതാണ്. 'ഇന്റര്‍നെറ്റ് ഇന്‍സൈഡ്' തുടങ്ങിയ എ​ഴുത്തുകൾ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്.


അകത്തെ മാറ്റങ്ങൾ

വാഹനത്തിന്റെ ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. പുതിയ വൈറ്റ് ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ തീം ഉള്ളിൽ ലഭിക്കും. എയര്‍കോണ്‍ വെന്റുകളാല്‍ പുനര്‍രൂപകല്‍പ്പന ചെയ്ത 14-ഇഞ്ച് പോര്‍ട്രെയ്റ്റ് ടച്ച്സ്‌ക്രീന്‍ പ്രധാന ആകര്‍ഷണമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. ആംബിയന്റ് ലൈറ്റുകള്‍ ഇപ്പോള്‍ വോയ്സ് കമാന്റിലൂടെ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതും പ്രത്യേകതയാണ്.

ഗിയര്‍ ലിവറിന് പുതിയ രൂപവും ഒപ്പം ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കും സഹിതമെത്തുന്ന സെന്റര്‍ കണ്‍സോളും പുതിയതാണ്. സെഗ്മെന്റിൽ ആദ്യമായി ഡിജിറ്റല്‍ ബ്ലൂടൂത്ത് കീയും കീ ഷെയറിങ് സംവിധാനവും ഉള്‍പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിലോ താക്കോല്‍ നഷ്ടപ്പെടുമ്പോഴോ, വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓടിക്കാനും ഡിജിറ്റല്‍ കീ ഉപയോഗിക്കാം.


ഫീച്ചറുകൾ

റിമോട്ട് ലോക്ക് അല്ലെങ്കില്‍ അണ്‍ലോക്ക് ഫീച്ചര്‍ ഉപയോഗിച്ച് കാര്‍ എവിടെ നിന്നും അണ്‍ലോക്ക് ചെയ്യാം. കീ-ഷെയറിങ് ഫംഗ്ഷന്‍ ഉപയോഗിച്ച്, ഒരാള്‍ക്ക് അധിക കീ രണ്ട് ആളുകളുമായി പങ്കിടാനാകും. ഹെക്ടറിന് ഇപ്പോള്‍ 100 വോയ്സ് കമാന്‍ഡുകള്‍ ഉള്‍പ്പെടെ 75 ലധികം കണക്റ്റഡ് ഫീച്ചറുകള്‍ ഉണ്ട്. ഐ സ്മാർട്ട് സാ​​ങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

ഐ സ്മാർട്ട് സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വോയ്സ് കമാന്‍ഡുകളില്‍, സണ്‍റൂഫ് നിയന്ത്രണം, ആംബിയന്റ് ലൈറ്റുകള്‍ക്കുള്ള വോയ്സ് കമാന്‍ഡുകള്‍, അഞ്ച് ഇന്ത്യന്‍ ഭാഷകളിലെ നാവിഗേഷന്‍ വോയ്സ് ഗൈഡന്‍സ്, 50+ ഹിംഗ്ലീഷ് കമാന്‍ഡുകള്‍ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. പാര്‍ക്കിങ് കണ്ടെത്തുന്നതിനും ബുക്കിംഗിനുമുള്ള പാര്‍ക്ക്+, സംഗീതത്തിനായുള്ള ജിയോ സാവന്‍ ആപ്പ് എന്നിവ പോലുള്ള മറ്റ് സഹായകരമായ ആപ്പുകളും ഇപ്പോൾ ലഭിക്കും.

ഇന്‍ഫിനിറ്റിയുടെ പ്രീമിയം ഓഡിയോ സിസ്റ്റം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഇത് 360-ഡിഗ്രി റിച്ച് സൗണ്ട് നല്‍കും. ഹെക്ടറില്‍ പുതുതായി അവതരിപ്പിച്ച സ്മാര്‍ട്ട് ഓട്ടോ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തടസ്സരഹിതവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നു.

സ്റ്റിയറിങ് ആംഗിളിനെ അടിസ്ഥാനമാക്കി, അതാത് ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് സ്വയമേവ ഓണ്‍/ഓഫ് ചെയ്യുന്ന സംവിധാനമാണിത്. പാര്‍ക്കിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ അല്ലെങ്കില്‍ യു-ടേണ്‍ സമയത്ത് ഡ്രൈവര്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഈ ഓട്ടോമാറ്റിക് സിഗ്‌നല്‍ ഉപയോഗപ്രദമാകും.


ലെവല്‍ ടു എഡാസ്

പുതിയ എം.ജി ഹെക്ടറിന്റെ ഏറ്റവും വലിയ സവിശേഷത ലെവല്‍ ടു എഡാസ് സംവിധാനമാണ്. ലെയിന്‍ കീപ്പ് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിങിനൊപ്പം ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ്, ഹൈ-ബീം അസിസ്റ്റ് എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.

ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി എച്ച്ഡി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് (EPB), ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ ഫോര്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകൾ പോലുള്ള മറ്റ് പ്രധാന സുരക്ഷാ സവിശേഷതകളും പുതിയ ഹെക്ടറിലുണ്ട്.

എഞ്ചിനിൽ മാറ്റങ്ങളില്ല

മെക്കാനിക്കലി പുതിയ എം.ജി ഹെക്ടറിനും ഹെക്ടര്‍ പ്ലസിനും അപ്ഡേറ്റുകൾ ഒന്നും ലഭിക്കുന്നില്ല. 1.5-ലിറ്റര്‍ പെട്രോള്‍, 1.5-ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ്, 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. ആദ്യത്തെ രണ്ടെണ്ണം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ക്കൊപ്പം ലഭിക്കും. ഡീസൽ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് ഇണചേരുന്നത്. 5,6, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭിക്കും.

Tags:    
News Summary - 2023 MG Hector facelift unveiled in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.