മലപ്പുറം: സംസ്ഥാനത്ത് വിവിധ കേസുകളിലായി പൊലീസ് സ്റ്റേഷനുകളിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുന്നത് 26,708 വാഹനങ്ങൾ. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരമാണിത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത്. വിവിധ കേസുകളിലായി 4157 വാഹനങ്ങളാണുള്ളത്. ഇതിൽ തൃശൂർ സിറ്റി പരിധിയിൽ 2401ഉം റൂറൽ പരിധിയിൽ 1756 വാഹനങ്ങളുമുണ്ട്.
മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 3183 വാഹനങ്ങൾ സ്റ്റേഷനുകളിൽ കിടക്കുന്നുണ്ട്. 2840 വാഹനങ്ങളുള്ള തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം റൂറലിൽ 1779ഉം സിറ്റിയിൽ 1061ഉം വാഹനങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. കൊല്ലമാണ് നാലാമത്.കൊല്ലത്ത് സിറ്റിയിൽ 1533ഉം റൂറലിൽ 1003 അടക്കം 2536 വാഹനങ്ങളുണ്ട്.
കൂടാതെ, റെയിൽവേ പൊലീസ് പരിധിയിൽ ഒമ്പത് വാഹനങ്ങളുമുണ്ട്. നിലവിൽ അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കസ്റ്റഡി ആവശ്യമില്ലാതെവരുകയാണെങ്കിൽ സ്വീഷർ മഹസർ തയാറാക്കി വാഹനങ്ങൾ രസീത് വാങ്ങി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.ഇതിൽ തുടർനടപടി ആവശ്യമെങ്കിൽ റിപ്പോർട്ട് കോടതിക്ക് നൽകും. ഈ വാഹനങ്ങളിൽ ഉടമകൾക്ക് 451 സി.ആർ.പി.സി പ്രകാരം കോടതി വഴി വാഹനം വിട്ടുകൊടുക്കും.
അബ്കാരി ആക്ട് പ്രകാരം പിടിക്കുന്ന വാഹനങ്ങളിൽ സെക്ഷൻ 67(ബി) പ്രകാരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് കണ്ടുകെട്ടലിന് കൈമാറുകയാണ് പതിവ്. കൂടാതെ, മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എം.എസ്.ടി.സി) ലിമിറ്റഡ് പ്ലാറ്റ്ഫോം വഴി ഓൺലൈനിലുടെയും ലേലം ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ ലേലനടപടികൾ വേഗത്തിലാക്കാനായി 2022 നവംബർ 14ന് മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്കും ചീഫ് എൻജിനീയർക്കും സർക്കാർ ചുമതല നൽകിയിട്ടുണ്ട്.
എന്നാൽ, അവകാശികളില്ലാത്ത ജംഗമവസ്തുവകകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാങ്ങേണ്ടിവരുന്നവക്ക് പകരമായി 2011 കേരള പൊലീസ് ആക്ട് വകുപ്പ് 56(7) പ്രകാരം പൊലീസ് വകുപ്പിന് ഉപയോഗിക്കുകയോ ലേലത്തിൽ വിൽപനക്ക് വെക്കുകയോയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.