3000 ഡീസൽ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കുന്നു; ഇനിമുതൽ ഇലക്ട്രിക് വാഹനങ്ങൾ സർവിസ് നടത്തുമെന്ന് തെലങ്കാന

ഹൈദരാബാദ്: രണ്ടു വർഷത്തിനകം 3000 ഡീസൽ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കാനൊരുങ്ങി തെലങ്കാന സർക്കാർ. മുഖ്യമന്തി എ. രേവന്ത് റെഡ്ഡിയാണ് ഇതു സംബന്ധിച്ച് തീരുമാനം പുറത്തുവിട്ടത്. വ്യാഴാഴ്ച ഹൈദരാബാദിൽ തെലങ്കാന ഗതാഗത വകുപ്പ് നടത്തിയ ‘പ്രജാ പാലന വിജയോത്സവ സഭ’യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തെലങ്കാന റോഡ് കോർപറേഷന്റെ 3000 ബസുകൾ ഇലക്ട്രിക് ആയി മാറുന്നതോടെ അന്തരീക്ഷ മലിനീകരണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പൊതു ഗതാഗത സംവിധാനം ഡീസൽ മുക്ത വാഹനശ്രേണിയിലേക്ക് മാറുന്നതോടെ അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറക്കാനാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ എല്ലാ ഓട്ടോകളും സമാനമായ രീതിയിൽ ഹരിത വാഹന പരിധിയിലേക്ക് മാറ്റാൻ ഗതാഗത മന്ത്രിക്കും കമീഷണർക്കും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് രൂപത്തിലേക്ക് മാറുന്നതു മൂലം നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓട്ടോ ഡ്രൈവർമാർക്ക് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കും. സമീപഭാവിയിൽ ടാക്സി കാറുകൾക്കും ഇത് ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹൈദരാബാദിനെ മലിനീകരണരഹിതമാക്കാനുള്ള നയങ്ങൾ തങ്ങൾ കൊണ്ടുവരുന്നു. ഉദ്യോഗസ്ഥർ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരോധിക്കുകയും 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന വാഹനങ്ങൾ സ്‌ക്രാപ്പിംഗിന് അയക്കുകയും വേണം’, രേവന്ത് റെഡ്ഡി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ പറയുന്നു. 2022-2023 ഡിസംബർ കാലയ്ലവിൽ 51,394 ഇലക്ട്രിക് വാഹനങ്ങളായിരുന്നു സംസ്ഥാനത്ത് വിറ്റിരുന്നതെങ്കിൽ 2023- 2024 ഡിസംബർ കാലയളവിൽ 78,262 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് വിൽപന നടത്തിയത്.

Tags:    
News Summary - 3000 diesel buses withdrawn from service; Telangana to service electric vehicles from now on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.