പുതിയ തലമുറ ഥാർ അവതരിപ്പിച്ചപ്പോൾ മഹീന്ദ്ര നടത്തിയ വാഗ്ദാനം അതൊരു ഫാമിലി കാർ ആയിരിക്കും എന്നതാണ്. എന്നാൽ ഫാമിലികളെ ഉൾക്കൊള്ളിക്കുന്ന മാറ്റങ്ങളൊന്നും ഥാറിൽ ഉണ്ടായിരുന്നില്ല. പഴയപോലെ മൂന്ന് ഡോർ വാഹനമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. പ്രായമായവർക്ക് ഥാറിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കൊടുമുടികൾ കീഴടക്കുന്നതുപോലെ ദുസ്സഹമായിരുന്നു. എന്നാലതിനെല്ലാം പരിഹാരം കാണാനൊരുങ്ങുകയാണ് മഹീന്ദ്ര. അഞ്ച് ഡോർ വാഹനമാണ് അവർ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.
വരാനിരിക്കുന്ന ഥാർ 5-ഡോർ പതിപ്പ് രാജ്യത്ത് പരീക്ഷിച്ചുതുടങ്ങിയതായാണ് വിവരം. വാഹനം അടുത്ത വർഷം ഷോറൂമുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന അഞ്ച് ഡോർ മാരുതി ജിംനിയും 5 ഡോർ ഫോഴ്‌സ് ഗൂർഖയും പ്രധാന എതിരാളികളായിരിക്കും. അടുത്തിടെ, എസ്.യു.വിയുടെ പരീക്ഷണപ്പതിപ്പ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഥാർ 5 ഡോറിനായി, പുതിയ സ്കോർപിയോ-എൻ-ന്റെ ലാഡർ-ഫ്രെയിം ഷാസി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. കരുത്തുകൂട്ടിയ സ്റ്റീൽ കൊണ്ട് നിർമ്മിച്ചതാണ് ഈ ഷാസി. 3 ഡോർ ഥാറിനേക്കാൾ നീളവും സ്കോർപിയോ-എൻ-നേക്കാൾ ചെറുതും ആയിരിക്കും പുതിയ വാഹനം.
പുതിയ 2023 മഹീന്ദ്ര ഥാർ 5 ഡോറിന് കരുത്ത് പകരുന്നത് 2.0 എൽ ടർബോ പെട്രോൾ, 2.2 എൽ ടർബോ ഡീസൽ എഞ്ചിനാണ്. എന്നിരുന്നാലും, അധിക ശക്തിയും ടോർക്കും സൃഷ്ടിക്കുന്നതിനായി മോട്ടോറുകൾ ട്യൂൺ ചെയ്യാന്‍ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ലഭിക്കും.
വീതിയും ഉയരവും മാറ്റമില്ലാതെ മൂന്ന് ഡോറിൽ നിന്ന് മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ വീൽബേസ് വർധിപ്പിക്കും. 6 അല്ലെങ്കിൽ 7 സീറ്റിങ് കോൺഫിഗറേഷനായിരിക്കും വാഹനത്തിന്. 3-ഡോർ പതിപ്പിന് സമാനമായി, 5 ഡോർ പതിപ്പിനും സ്പ്ലിറ്റ് ടെയിൽഗേറ്റ് ഡിസൈൻ ഉണ്ടായിരിക്കും.
സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ നിറമുള്ള മൾട്ടി ഇൻഫോ ഡിസ്‌പ്ലേ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, മൾട്ടിപ്പിൾ എയർബാഗുകൾ, സെൻട്രൽ ലോക്കിങ്, റിയർ പാർക്കിങ് കാമറ, സ്റ്റാർട്ട് ആൻഡ് ഡിസെന്റ് അസിസ്റ്റ്, റോൾ കേജ് തുടങ്ങിയ പ്രത്യേകതകളും വാഹനത്തിന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.