ന്യൂഡൽഹി: മഹീന്ദ്ര അവരുടെ ജനപ്രിയ മോഡലുകളായ ഥാർ ആർ.ഡബ്ല്യൂ.ഡി, സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. വർഷാവസാന ഓഫറുകളുടെ ഭാഗമാണിത്. വേരിയന്റുകളെ ആശ്രയിച്ച് മൂന്ന് ലക്ഷം രൂപയുടെ കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
കമ്പനിയുടെ ഏക ഇലക്ട്രിക് വാഹനമായ എക്സ്.യു.വി-400 നാണ് മൂന്ന് ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാകുന്നത്. എന്നാൽ ഓഫറുകൾ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ലഭിക്കില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. നഗരത്തിനനുസരിച്ചും സ്റ്റോക്ക് ലഭ്യതക്ക് അനുസരിച്ച് വ്യത്യാസമുണ്ടാകും.
ഥാറിന്റെ ആർ.ഡബ്ല്യൂ.ഡി പെട്രോൾ (ഓട്ടോമാറ്റിക്) വേരിയന്റിന് ഒരു ലക്ഷം രൂപ വരെയും ഡീസൽ (മാനുവൽ) വേരിയന്റിന് 50,000 രൂപ വരെയും കിഴിവ് നൽകുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 25,000 രൂപയുടെ ആക്‌സസറികളും ഇതിൽ ലഭിക്കും. എന്നാൽ, ഥാറിന്റെ 4ഡബ്യൂ.ഡി വേരിയന്റിൽ ഒരു തരത്തിലുള്ള ഓഫറും നൽകുന്നില്ല. 13.58 ലക്ഷം മുതൽ 21.00 ലക്ഷം വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്‌സ് ഷോറൂം വില.
പഴയ സ്‌കോർപിയോ ക്ലാസിക്കിന്റെ അടിസ്ഥാന വേരിയൻ്റായ എസി-ന് ഒരു ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുണ്ട്. അതേ സമയം, അതിന്റെ ടോപ്പ് വേരിയൻ്റായ എസ് 11 ന് 50,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. 20,000 രൂപയുടെ സൗജന്യ ആക്‌സസറികളും ഈ കിഴിവിൽപെടും. 13.62 ലക്ഷം മുതൽ 17.42 ലക്ഷം വരെയാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ എക്‌സ് ഷോറൂം വില.
സ്കോർപിയോ എൻ-ന്റെ ഇസഡ്4, ഇസഡ് 6 വേരിയൻ്റുകൾക്ക് 50,000 രൂപ വരെ കിഴിവ് നൽകുമ്പോൾ ഇസഡ് 8എൽ വേരിയൻ്റിന് 40,000 രൂപ വരെ കിഴിവ് നൽകുന്നു. സ്കോർപിയോ എൻ-ന്റെ ഇസഡ് 2, ഇസഡ് 8എസ്, ഇസഡ് 8 വേരിയൻ്റുകളിൽ കിഴിവൊന്നും നൽകുന്നില്ല. 13.85 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് മഹീന്ദ്ര സ്കോർപിയോ എൻ-ന്റെ എക്‌സ് ഷോറൂം വില.
മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ എക്സ്.യു.വി-400-ന് വൻ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 39.4 കെ.ഡബ്യൂ.എച്ച് ബാറ്ററിയും 7.2കിലോ വാട്ട് ഫാസ്റ്റ് ചാർജിംഗും ഉള്ള ഇ.എൽ പ്രൊ വേരിയൻ്റിന് മൂന്ന് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 16.74 ലക്ഷം മുതൽ 17.49 ലക്ഷം വരെയാണ് മഹീന്ദ്ര എക്സ്.യു.വി-400-ന്റെ എക്‌സ് ഷോറൂം വില.
മഹീന്ദ്ര വാഹനങ്ങളുടെ ഡിസ്‌കൗണ്ട് ഓഫറുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടേക്കാം. ഇതുകൂടാതെ വാഹനങ്ങൾ സ്റ്റോക്കിനനുസരിച്ചേ ഇളവ് ആനുകൂല്യം ലഭിക്കൂ. വാഹനങ്ങളിൽ ലഭ്യമായ കിഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഡീലറെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.