ബാബുരാജിന്‍റെ യാത്രകൾക്ക് കൂട്ടാകാൻ കരുത്തൻ എസ്.യു.വി; സ്വന്തമാക്കിയത് ജീപ്പ് റാംഗ്ലർ

വില്ലന്‍ വേഷങ്ങളിലൂടെ സിനിമയിലെത്തി നായകനായും ഹാസ്യതാരമായും തിളങ്ങുന്ന താരമാണ് ബാബുരാജ്. മസില്‍മാനായ താരം തന്റെ യാത്രകള്‍ക്കായി കരുത്തും അഴകും ചേര്‍ന്ന മസ്‌കുലര്‍ എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച റാംഗ്ലറാണ് അദ്ദേഹം തന്റെ ഗരേജില്‍ എത്തിച്ചിരിക്കുന്നത്. വാഹനപ്രേമികൂടിയായ ബാബുരാജ് സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള ജീപ്പ് റാംഗ്ലറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പതിപ്പ് കമ്പനി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. മുഖം കൂടുതല്‍ അഗ്രസീവ് ആക്കുന്നതിനായി ജീപ്പിന്റെ സിഗ്നേച്ചര്‍ ഗ്രില്ലിന് ചുറ്റും ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ജീപ്പിന്റെ അമേരിക്കന്‍ ജീന്‍ വിളിച്ചറിയിക്കുന്ന അകത്തളമാണ് നല്‍കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിലെ പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനാണ് പ്രധാന ആകർഷണം. വലിയ സ്‌ക്രീനിന്റെ വരവോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴേക്ക് മാറി. ഡ്രൈവറുടെയും യാത്രികന്റെയും ഇഷ്ടാനുസരണം 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

പ്രധാനമായും ഓഫ്റോഡ് ഓണ്‍റോഡ് ആരാധകര്‍ക്കായി നിര്‍മിച്ചിരിക്കുന്ന വാഹനംകൂടി ആയതിനാല്‍ സുരക്ഷയിലും കേമനാണ് റാംഗ്ലർ. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും കൂടി ചേരുന്നതോടെ സുരക്ഷയുടെ കാര്യത്തില്‍ മുൻപന്തിയിലാണെന്ന് പറയാതെ വയ്യ.

അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള റാംഗ്ലറിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 270 ബി.എച്ച്.പി പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രിയും റൂബിക്കോണിന് 21 ഡിഗ്രിയുമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 2024 റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Tags:    
News Summary - Actor Baburaj Buys All New Jeep Wrangler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.