ഫോഴ്സ് മോട്ടോഴ്സിെൻറ ഒാഫ്റോഡർ ഗൂർഖയെ ഒൗദ്യോഗികമായി വെളിപ്പെടുത്തി കമ്പനി. 27ന് നടക്കുന്ന ലോഞ്ചിങിന് മുന്നോടിയായാണ് വാഹനം അവതരിപ്പിച്ചത്. വാഹനത്തിെൻറ നിരവധി ടീസറുകൾ ഫോഴ്സ് മോട്ടോഴ്സ് നേരത്തേ പുറത്തുവിട്ടിരുന്നു. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, ലോക്കിങ് ഡിഫറൻഷ്യലുകളുള്ള ഫോർ-വീൽ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിനുണ്ട്. ഇന്ത്യൻ ഒാഫ്റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയർത്തിയാണ് ഗൂർഖയെത്തുന്നത്.
ഡിസൈനും സവിശേഷതകളും
ഗൂർഖയുടെ ഡിസൈൻ പഴയ മോഡലിന് ഏതാണ്ട് സമാനമാണ്. എന്നാൽ വാഹനത്തിെൻറ മുഴുവൻ ബോഡി ഷെല്ലും മാറിയിട്ടുണ്ട്. പുതിയ ഗ്രിൽ, ബമ്പറുകൾ, ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പനോരമിക് വിൻഡോ എന്ന് കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ് ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്. പുതിയ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, മുൻവശത്തുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ് ശ്രദ്ധേയമായ കാബിൻ മാറ്റങ്ങൾ.
അതേസമയം, നേരത്തേ ഉണ്ടായിരുന്ന ഡ്യുവൽ-ടോൺ ക്യാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക് ഗ്രേയിലേക്ക് മാറിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ടച്ച് സ്ക്രീനിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത് വഴി ഫോൺ കോളുകൾ എടുക്കാനുമാകും. ടിൽറ്റ്, ടെലിസ്കോപിക് അഡ്ജസ്റ്റ്മെൻറുള്ള സ്റ്റിയറിങ്, പിൻ സീറ്റുകൾക്കുള്ള വ്യക്തിഗത ആം റെസ്റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിങ് സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്, എയർ കണ്ടീഷനിങ്, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
എഞ്ചിനും സുരക്ഷയും
ബിഎസ് ആറ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ യൂനിറ്റ് 91hp ഉം 250Nm ടോർക്കും പുറപ്പെടുവിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചിട്ടുണ്ട്. സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.
ഫോർവീൽ സിസ്റ്റമുള്ള ഗൂർഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളിൽ നാവിഗേറ്റ് ചെയ്യാനാകുമെന്ന് ഫോഴ്സ് അവകാശപ്പെടുന്നു.സുരക്ഷക്കായി മുന്നിലെ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.