ഓട്ടോ എക്സ്പോ 2023ന്റെ ആദ്യ ദിനം സ്വന്തമാക്കിയത് എം.ജി മോട്ടോർസ്. നിരവധി മോഡലുകളാണ് കമ്പനി എക്സ്പോയിൽ അവതരിപ്പിച്ചത്. ഫ്യൂച്ചര്‍ മൊബിലിറ്റിയെക്കുറിച്ചുള്ള എം.ജിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ‘ഡ്രൈവ് എഹെഡ്’ തീമിലാണ് ഓട്ടോ എക്‌സ്‌പോയില്‍ വാഹനങ്ങൾ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി ഇവി, ഹൈബ്രിഡ് വാഹനങ്ങളുടെ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് എം.ജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു.
നൂതനവും ഉയര്‍ന്ന സുരക്ഷയും സീറോ-എമിഷനും ഉറപ്പുനല്‍കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങളും കമ്പനി പുറത്തിറക്കി. പ്യുവര്‍-ഇലക്ട്രിക് ഹാച്ച്ബാക്കായ എംജി4, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്.യു.വിയായ ഇഎച്ച്എസ് എന്നിവയാണത്. ഓട്ടോ എക്സ്പോയിൽ ആകെ 14 വാഹനങ്ങൾ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
എംജി 4
ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ എം.ജി 4 എക്സ്പോയിൽ അവതരിപ്പിച്ചു. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ടോർക്ക് 250 എൻഎം ആണ്. പിന്നിൽ ഒരു മോട്ടർ എന്ന നിലയ്ക്കാണ് രൂപകൽപന.
ക്രോസ്ഓവർ ഡിസൈനിലുള്ള സ്റ്റൈലിഷ് ഹാച്ച്ബാക്കായാണ് കമ്പനി വാഹനത്തെ ഒരുക്കിയിരിക്കുന്നത്. 7kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 7.5 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് സചെയ്യാൻ കഴിയും. 150kW DC ചാർജർ ആണ് ഉപയോഗിക്കുന്നതെങ്കിൽ 35 മിനിറ്റ് മാത്രം മതി ചാർജിങ്ങിന്. പുതിയ എം.ജി ഹെക്ടറിലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ സംവിധാനം എം.ജി 4–ലും ഉണ്ട്. ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചെങ്കിലും വാഹനം എന്ന് വിപണിയിലെത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇ.എച്ച്.എസ് പ്ലഗ് ഇൻ ഹൈബ്രിഡ്
ഇ.എച്ച്.എസ് അടിസ്ഥാനപരമായി ഒരു പ്രീമിയം മിഡ്-സൈസ് എസ്‌യുവിയാണ്, അത് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനിലാകും എത്തുക. ആസ്റ്റര്‍ എസ്‌യുവിയെ അനുകരിക്കുന്ന സ്‌റ്റൈലിംഗ് ഘടകങ്ങള്‍ എംജി eHS-നുണ്ട്. ഉദാഹരണത്തിന്, ഹെഡ്‌ലാമ്പുകളില്‍ ലയിപ്പിക്കുന്ന eHS-ന്റെ വലിയ ഫ്രണ്ട് ഗ്രില്‍ ആസ്റ്ററിന്റെ ചെറുതായി വലുതാക്കിയ പതിപ്പാണ്. പ്രൊഫൈലില്‍, എസ്‌യുവിക്ക് സോഫ്റ്റായ ഒഴുകുന്ന ഷോള്‍ഡര്‍ ലൈന്‍ ഉണ്ട്, അത് പിന്‍ ചക്രങ്ങള്‍ക്ക് മുകളില്‍ ഒരു ഹാഞ്ച് ഉണ്ടാക്കുന്നു. മിനുസമാര്‍ന്ന ഡ്യുവല്‍-ടോണ്‍ അലോയ്കള്‍ പോലും എസ്‌യുവിക്ക് നല്ല ക്യാരക്ടര്‍ നല്‍കുന്നു.
12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും 10.1 ഇഞ്ച് ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്ള ലേയേര്‍ഡ് ഓള്‍-ബ്ലാക്ക് ഡാഷ്ബോര്‍ഡ് eHS-ന് ലഭിക്കും. എല്ലാ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും ഗിയര്‍ ലിവറിന് ചുറ്റും ഫിസിക്കല്‍ ബട്ടണുകള്‍ ഡാഷ്ബോര്‍ഡില്‍ കാണാം. അതേസമയം, സ്റ്റിയറിങ് വീലുകളും വൃത്താകൃതിയിലുള്ള എസി വെന്റുകളും പോലുള്ള ഭാഗങ്ങള്‍ ആസ്റ്ററിന് സമാനമാണ്.
ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, പവര്‍ ടെയില്‍ഗേറ്റ് എന്നിവ ലഭിക്കും. സുരക്ഷക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ADAS ഫീച്ചറുകളുടെ ഒരു സമ്പൂര്‍ണ സ്യൂട്ട് എന്നിവ ലഭിക്കും.
160 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 122 bhp കരുത്ത് നല്‍കുന്ന ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 258 bhp സംയോജിത ഔട്ട്പുട്ട് പുറത്തെടുക്കാൻ വാഹനത്തിനാകും. ഇലക്ട്രിക് മോട്ടോര്‍ 16.6kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ 52km (WLTP- ക്ലെയിം ചെയ്തത്) ഇലക്ട്രിക്-മാത്രം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 6.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.
പരിഷ്‍കരിച്ച ഹെക്ടർ
എം.ജി ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡലായ ഹെക്ടറിന്റെ പുതിയ പതിപ്പ് ഒാട്ടോ എക്സ്പോയിൽ പുറത്തിറക്കി. 14.73 മുതൽ 20.78 ലക്ഷം വരെ വില വരുന്ന വാഹനത്തിന് രൂപത്തിലുള്ള ചില മാറ്റങ്ങളല്ലാതെ പഴയ ഹെക്ടറുമായി വലിയ വ്യത്യാസങ്ങളില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ സംവിധാനം പുതിയ എംജി ഹെക്ടറിലുണ്ട്. അതു തന്നെയാണ് ഇൗ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതയും.
ഇന്ത്യന്‍ വിപണിയിലെത്തിയ സ്പ്ലിറ്റ് ഹെഡ്‌ലാംപുള്ള മോഡലുകളില്‍ ആദ്യത്തേതാണ് ഹെക്ടര്‍. മുകള്‍ ഭാഗത്തെ എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾക്ക് മാറ്റമില്ല. എന്നാല്‍ മുന്നിലെ ബംപറിന്റെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ അലോയ് വീലിന്റെ രൂപകല്‍പനയില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടെയില്‍ ലാംപുകള്‍ കണക്ടു ചെയ്തിട്ടുണ്ടെങ്കിലും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ല. എംജി ബാഡ്ജ് മുന്നില്‍ ഗ്രില്ലിന്റെ നടുവില്‍ ഏറ്റവും മുകള്‍ ഭാഗത്തായും പിന്നില്‍ രജിസ്‌ട്രേഷന്‍ പ്ലേറ്റിന് മുകളില്‍ നടുവിലായും സജ്ജീകരിച്ചിരിക്കുന്നു. പിന്‍ ബംപറിലും ഡിസൈനില്‍ മാറ്റങ്ങളുണ്ട്. പുതുതായി അവതരിപ്പിച്ച ഡ്യൂണ്‍ ബ്രൗണ്‍ അടക്കം ഏഴ് നിറങ്ങളില്‍ ഹെക്ടര്‍ ലഭ്യമാണ്.
ഉള്‍ഭാഗത്ത് ആദ്യം ശ്രദ്ധില്‍ പെടുക പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. ഹെക്ടര്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മോഡലില്‍ 14 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. ഇതേ ക്ലാസില്‍ ഏറ്റവും വലിയ ടച്ച് സ്‌ക്രീനാണിത്. ഫുള്‍ എച്ച്ഡിയാണെന്നതും പുതിയ ടച്ച്‌സ്‌ക്രീനിന്റെ മേന്മയാണ്. പനോരമിക് സണ്‍റൂഫ്, അകത്തേയും പുറത്തേയും ലൈറ്റുകളുടെ നിയന്ത്രണം, ലോക്ക് സെറ്റിങ്‌സ്, ടെയില്‍ഗേറ്റ് ഓപ്പണ്‍- ക്ലോസ്, വയര്‍ലസ് ഫോണ്‍ ചാര്‍ജിങ്, ടയര്‍പ്രഷര്‍ മോണിറ്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടച്ച്‌സ്‌ക്രീനില്‍ വിരല്‍ തുമ്പില്‍ ലഭ്യമാണ്. അസ്റ്റര്‍ എസ്‌യുവില്‍ എംജി അവതരിപ്പിച്ച വോയ്‌സ് കമാന്റുകളിലൂടെ കാറിന്റെ ഫീച്ചറുകളെ നിയന്ത്രിക്കാനാവുന്ന സൗകര്യം പുതിയ എംജി ഹെക്ടറിലും ലഭ്യമാണ്. സണ്‍റൂഫ് തുറക്കാനും അടക്കാനും കാറിലെ താപനില നിയന്ത്രിക്കാനുമൊക്കെ ഇനി ശബ്ദം ധാരാളം മതിയാകും. പുതിയ എംജി ഹെക്ടറില്‍ 360 ഡിഗ്രി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ ത്രിഡി മോഡിലേക്കും മാറ്റാനാവും.
അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, അപകട മുന്നറിയിപ്പ് സംവിധാനം, ലൈന്‍ തെറ്റാതെ പോകാന്‍ സഹായിക്കുന്ന സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയെല്ലാമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) പുതിയ ഹെക്ടറിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. നാല് അടിയിലും കൂടുതല്‍ അകലത്തിലുള്ള കാല്‍നടയാത്രക്കാരെ തിരിച്ചറിയാനും സംവിധാനമുണ്ട്. ട്രാഫിക് ജാം അസിസ്റ്റ് എന്ന പേരില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കില്‍ എളുപ്പം പോകാന്‍ ഇത് ഡ്രൈവറെ സഹായിക്കും. ബ്ലൂടൂത്ത് വഴി വാഹനം തുറക്കാനും അടക്കാനും സാധിക്കും. ഈ ഫീച്ചര്‍ കുറച്ച് സമയത്തേക്ക് സുഹൃത്തുക്കള്‍ക്കും മറ്റും പങ്കുവെക്കാനും സാധിക്കും.
പുറംമോഡിയിലല്ലാതെ ഉള്‍ക്കരുത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റ് എന്നീ ഗിയര്‍ബോക്‌സും 1.5 ലിറ്റര്‍ പെട്രോള്‍ എൻജിനുമാണ് പുതിയ എംജി ഹെക്ടറിനുമുള്ളത്. 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്‌സ് പുതിയ മോഡലിനില്ല. ഡീസല്‍ മോഡലില്‍ 2.0 ലിറ്ററിന്റെ 170 എച്ച്പി ശേഷിയുള്ള എൻജിന്‍ തന്നെയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.