തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി ക്ലച്ചും ഗിയറും തടസ്സമാകില്ല. ‘എച്ച് ’എടുക്കലിനും റോഡ് ടെസ്റ്റുകള്‍ക്കും ഓട്ടോമാറ്റിക്, ഇ-വാഹനങ്ങള്‍ ഉപയോഗിക്കാൻ ഒടുവിൽ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകി. ടെസ്റ്റുകൾക്ക് ഗിയറുള്ള വാഹനങ്ങൾ തന്നെ വേണമെന്ന് നിർബന്ധിക്കരുതെന്നും ഓട്ടോമാറ്റിക് വാഹനങ്ങളും അനുവദിക്കാമെന്നും ആർ.ടി.ഒമാർക്കുള്ള സർക്കുലറിൽ ഗതാഗത കമീഷണർ വ്യക്തമാക്കുന്നു.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ഡ്രൈവിങ് ലൈസന്‍സിന് എൻജിന് ട്രാന്സ്മിഷന് പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഏത് ട്രാൻസ്മിഷൻ സ്വഭാവത്തിലുള്ള (ഗിയറുള്ളത്, ഓട്ടോമാറ്റിക്) വാഹനവും ഡ്രൈവിങ് ടെസ്റ്റിനായി അനുവദിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെങ്കിലും സംസ്ഥാനം തീരുമാനമെടുത്തിരുന്നില്ല. ഉപയോഗിക്കുന്ന ഇന്ധനമേതെന്നോ അല്ലെങ്കിൽ ട്രാൻസ്മിഷനോ പരിഗണിച്ചല്ല ലൈസൻസ് നൽകുന്നതെന്നും വാഹനത്തിന്റെ സ്വഭാവം മാത്രമാണ് മാനദണ്ഡമാക്കുന്നതെന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റ നിലപാട്. എന്നാൽ നിരത്തിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ നിറയുമ്പോഴും ഗിയറുള്ള വാഹനത്തിൽ പാസായാലേ ലൈസൻസ് കിട്ടൂ എന്നതായിരുന്നു സംസ്ഥാനത്തെ സ്ഥിതി.
റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഗിയര്‍ മാറ്റുന്നതും മറ്റും പരിശോധിച്ചാണ് നിലവിൽ ലൈസന്‍സ് നല്‍കുന്നത്. ഇതിനാണ് മാറ്റം വരിക. ക്ലച്ചിന്റെ സങ്കീര്‍ണതകള്‍ കാരണം നിരവധിപേര്‍ ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. ക്ലച് വേണ്ടത്ര വശമില്ലാത്തതിതാൽ ടെസ്റ്റിനിടെ വണ്ടി ഓഫായിപ്പോയാൽ പരാജയപ്പെടുന്നതായിരുന്നു ഡ്രൈവിങ് പഠിതാക്കൾ നേരിടുന്ന വലിയ പ്രതിസന്ധി.
പുതിയ ഗതാഗത നയത്തിന്റെ ഭാഗമായി മലിനീകരണം കുറവുള്ള ഇ-വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്രം വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇവ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്നതാണ് സംസ്ഥാനത്ത് ടെസ്റ്റിങ് സംവിധാനമെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. ഗിയര്‍ മാറ്റവും ക്ലച് ഉപയോഗവും വേണ്ടാത്തതിനാല്‍ സ്റ്റിയറിങ് നിയന്ത്രണം കൈവരിച്ചാല്‍ വാഹനം ഓടിക്കാനാകും. ഓട്ടോറിക്ഷ, കാര്‍ മുതല്‍ ചെറിയ ലോറികള്‍വരെ എല്‍.എം.വി ലൈസന്‍സില്‍ ഓടിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.