ബജാജ്​ ചേതക്​ vs ടി.വി.എസ്​ ഐക്യൂബ്​; രാജ്യത്ത്​ ഏറ്റവുമധികം വിറ്റ ഇ.വി സ്​കൂട്ടർ ഇതാണ്​

2020 ന്‍റെ തുടക്കത്തിലാണ്​ ബജാജ് ഓട്ടോ, ചേതക് ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത്​ അവതരിപ്പിച്ചത്​. ബജാജ്​ നിരയിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏക ഇരുചക്ര വാഹനവും ഇതുതന്നെയാണ്​. പൂനെ ആസ്ഥാനമായുള്ള വാഹന നിർമാതാക്കൾ കഴിഞ്ഞ മാസം ഇന്ത്യയിൽ മൊത്തം 150 യൂനിറ്റ് ചേതക് ഇലക്ട്രിക് ആണ്​ വിറ്റഴിച്ചത്​. 2020 ഫെബ്രുവരിയെ അപേക്ഷിച്ച്​ 50 ശതമാനം വളർച്ചയാണ്​ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്​. ഒരു വർഷം മുമ്പ് കമ്പനി 100 യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​.


ടി.വി.എസ്​ ഐക്യൂബിന്‍റെ കാര്യമെടുത്താൽ 2021 ഫെബ്രുവരിയിൽ 203 യൂണിറ്റുകൾ വിൽക്കാനായിട്ടുണ്ട്​. 2020 ഫെബ്രുവരിയിൽ ഐക്യുബ് ഇലക്ട്രിക്കിന്‍റെ 50 യൂനിറ്റുകൾ മാത്രമാണ് വിറ്റത്. ഇ.വി സ്‌കൂട്ടറിന്‍റെ വിൽപ്പന ഒന്നിലധികം മടങ്ങ് വർധിച്ചെന്ന്​ സാരം. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഒരു വർഷം മുമ്പാണ് ബംഗളൂരുവിൽ വിപണിയിലെത്തിയത്. കോവിഡ്​ വ്യാപനം ഉണ്ടായിരുന്നിട്ടും ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ്​ അന്ന്​ ഉണ്ടായതെന്ന്​ ടി.വി.എസ്​ പറയുന്നു.


ഡൽഹിയിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 1,08,012 രൂപക്ക്​ (സംസ്ഥാന സബ്‌സിഡി കഴിഞ്ഞുള്ള വില) സ്കൂട്ടർ ലഭ്യമാക്കിയിട്ടുണ്ട്. 4.4 കിലോവാട്ട് വൈദ്യുത മോട്ടോർ ഉൾക്കൊള്ളുന്ന ഐക്യുബിന്​ 0-40 കിലോമീറ്റർ വേഗതയിലെത്താൻ 4.2 സെക്കൻഡ്​ മതി. 78 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ബാറ്ററി പൂർണമായി ചാർജ് ചെയ്​താൽ 75 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. നൂതന ടിഎഫ്ടി ഇൻസ്​ട്രുമെന്‍റ്​ ക്ലസ്റ്റർ, ടിവിഎസ് ഐക്യുബ് ആപ്ലിക്കേഷനു പുറമേ, ജിയോ ഫെൻസിംഗ്, നാവിഗേഷൻ അസിസ്റ്റ്, വിദൂര ബാറ്ററി ചാർജ് സ്റ്റാറ്റസ്, ലാസ്റ്റ് പാർക്ക് ലൊക്കേഷൻ, ഇൻകമിംഗ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവയും സ്കൂട്ടറിൽ ലഭ്യമാണ്.


ബജാജ്​ ​േചതക്കിലുള്ള 4.08 കിലോവാട്ട് ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറിന്‍റെ പരമാവധി ടോർക്​ 16എൻ.എം ആണ്. 60.3Ah ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പരിധി വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത 5 എ പവർ സോക്കറ്റ് വഴി 5 മണിക്കൂറിനുള്ളിൽ സ്​കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ 25 ശതമാനം ചാർജും ചെയ്യാനാകും. ബാറ്ററി ഉൾപ്പെടെ ചേതക്കിൽ ബജാജ് 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.