ബജാജ് ചേതക് vs ടി.വി.എസ് ഐക്യൂബ്; രാജ്യത്ത് ഏറ്റവുമധികം വിറ്റ ഇ.വി സ്കൂട്ടർ ഇതാണ്
text_fields2020 ന്‍റെ തുടക്കത്തിലാണ് ബജാജ് ഓട്ടോ, ചേതക് ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചത്. ബജാജ് നിരയിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏക ഇരുചക്ര വാഹനവും ഇതുതന്നെയാണ്. പൂനെ ആസ്ഥാനമായുള്ള വാഹന നിർമാതാക്കൾ കഴിഞ്ഞ മാസം ഇന്ത്യയിൽ മൊത്തം 150 യൂനിറ്റ് ചേതക് ഇലക്ട്രിക് ആണ് വിറ്റഴിച്ചത്. 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 50 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം മുമ്പ് കമ്പനി 100 യൂനിറ്റുകൾ മാത്രമാണ് വിറ്റത്.
ടി.വി.എസ് ഐക്യൂബിന്‍റെ കാര്യമെടുത്താൽ 2021 ഫെബ്രുവരിയിൽ 203 യൂണിറ്റുകൾ വിൽക്കാനായിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ഐക്യുബ് ഇലക്ട്രിക്കിന്‍റെ 50 യൂനിറ്റുകൾ മാത്രമാണ് വിറ്റത്. ഇ.വി സ്‌കൂട്ടറിന്‍റെ വിൽപ്പന ഒന്നിലധികം മടങ്ങ് വർധിച്ചെന്ന് സാരം. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഒരു വർഷം മുമ്പാണ് ബംഗളൂരുവിൽ വിപണിയിലെത്തിയത്. കോവിഡ് വ്യാപനം ഉണ്ടായിരുന്നിട്ടും ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് അന്ന് ഉണ്ടായതെന്ന് ടി.വി.എസ് പറയുന്നു.
ഡൽഹിയിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 1,08,012 രൂപക്ക് (സംസ്ഥാന സബ്‌സിഡി കഴിഞ്ഞുള്ള വില) സ്കൂട്ടർ ലഭ്യമാക്കിയിട്ടുണ്ട്. 4.4 കിലോവാട്ട് വൈദ്യുത മോട്ടോർ ഉൾക്കൊള്ളുന്ന ഐക്യുബിന് 0-40 കിലോമീറ്റർ വേഗതയിലെത്താൻ 4.2 സെക്കൻഡ് മതി. 78 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 75 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. നൂതന ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടിവിഎസ് ഐക്യുബ് ആപ്ലിക്കേഷനു പുറമേ, ജിയോ ഫെൻസിംഗ്, നാവിഗേഷൻ അസിസ്റ്റ്, വിദൂര ബാറ്ററി ചാർജ് സ്റ്റാറ്റസ്, ലാസ്റ്റ് പാർക്ക് ലൊക്കേഷൻ, ഇൻകമിംഗ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവയും സ്കൂട്ടറിൽ ലഭ്യമാണ്.
ബജാജ് േചതക്കിലുള്ള 4.08 കിലോവാട്ട് ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറിന്‍റെ പരമാവധി ടോർക് 16എൻ.എം ആണ്. 60.3Ah ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പരിധി വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത 5 എ പവർ സോക്കറ്റ് വഴി 5 മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ 25 ശതമാനം ചാർജും ചെയ്യാനാകും. ബാറ്ററി ഉൾപ്പെടെ ചേതക്കിൽ ബജാജ് 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.