വൈദ്യുതി ബസും ഡ്രൈവറും വാടകയ്​ക്ക്​, കി.മീറ്ററിന്​ 51 രൂപ​; ബി.എം.ടി.സി പരീക്ഷണ ഓട്ടം നവംബർ മുതൽ

ബംഗളൂരു: ബി.എം.ടി.സി ഇലക്ട്രിക് ബസ് സർവീസ് നവംബർ മുതൽ ആരംഭിക്കാൻ തീരുമാനം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബി.എം.ടി.സി ഇലക്ട്രിക് ബസ് സർവീസ് നിരത്തിലിറക്കുന്നത്. ആദ്യ ബസ് നവംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ജെ.ബി.എം ഓട്ടോ ലിമിറ്റഡിെൻറയും എന്‍.ടി.പി.സിയുടേയും സംയുക്ത സംരംഭമാണ് ബസുകള്‍ നിര്‍മിച്ച് കൈമാറുന്നത്.

ഒരു മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷം നഗരത്തിലെ റോഡുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുകൂലമാണെന്ന് കണ്ടെത്തിയാല്‍ ഡിസംബറോടെ 90 ബസുകള്‍ കൂടി ഉൾപ്പെടുത്തി സ്ഥിരം സർവീസ് ആരംഭിക്കും. ബസുകള്‍ പണം നല്‍കി വാങ്ങുന്നതിന് പകരം വാടകക്ക് എടുത്താണ് ബി.എം.ടി.സി സര്‍വീസ് നടത്തുക.

ഒരു കിലോമീറ്ററിന് 51 രൂപനിരക്കിലാണ് ബി.എം.ടി.സി കമ്പനിക്ക് നല്‍കേണ്ടത്. ചുരുങ്ങിയത് പ്രതിദിനം 200 കിലോമീറ്റർ ബസ് ഓടിക്കും. ഡ്രൈവര്‍ കമ്പനിയുടെ ജീവനക്കാരനായിരിക്കും. അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനി വഹിക്കും. ബസ് ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം കമ്പനി സജ്ജീകരിക്കുമെങ്കിലും ഇതിനുള്ള തുക ബി.എം.ടി.സി നല്‍കണം. ബി.എം.ടി.സിയുടെ കണ്ടക്ടറായിരിക്കും ബസിലുണ്ടാകുക.

ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബസുകളാണ് കമ്പനി ബി.എം.ടി.സിക്ക് വേണ്ടി എത്തിക്കുക. മണിക്കൂറില്‍ 25 കിലോമീറ്റാണ് ശരാശരി വേഗത. ഒരു മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ബി.എം.ടി.സി കമ്പനിയെ അറിയിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആവശ്യമായ മാറ്റം വരുത്തിയ ബസുകളായിരിക്കും ഡിസംബറില്‍ സംസ്ഥാനത്തെത്തിക്കുക. സമാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇല്കട്രിക് ബസുകള്‍ പുറത്തിറക്കുന്നത്.

മൂന്നുവര്‍ഷം മുമ്പാണ് ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങാന്‍ ബി.എം.ടി.സി തീരുമാനിച്ചത്. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് പദ്ധതി നീണ്ടുപോകുകയായിരുന്നു. പിന്നീട് കോവിഡ് വ്യാപനവും പദ്ധതിക്ക് തടസമായി. ആദ്യഘട്ടത്തിലെ സർവീസുകളുടെ സ്വീകാര്യത നോക്കിയശേഷം അടുത്ത ഘട്ടത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - BMTC begins trial runs of electric bus on 10 key routes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.