ന്യൂഡൽഹി: വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കാലപരിധി നിശ്ചയിക്കുന്ന 'കണ്ടംചെയ്യൽ നയം' സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. തുടർന്ന് ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക് വിധേയമാക്കി പൊളിശാലകൾക്ക് കൈമാറും. ധനമന്ത്രി നിർമല സീതാരാമൻ 2021-22 ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക് ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം. അതേസമയം, സാധാരണക്കാരായ വാഹന ഉടമകൾക്ക് ഇത് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. ആളുകൾ പുതിയവാഹനം വാങ്ങാൻ നിർബന്ധിതരാകുന്നതോടെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയും തകർന്നടിയും.
പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.
ഇന്ത്യൻ വാഹന വ്യവസായലോകം ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ, പൊതുമേഖലാ വാഹനങ്ങൾ കണ്ടംചെയ്യാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പുതിയ നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാഹന നിർമാണ ഹബ്ബായി ഇന്ത്യ മാറുമെന്നും വില കുറയുമെന്നും ഗതാഗതമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.