ന്യൂഡൽഹി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ 35 ഓളം ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇവികളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് യോഗത്തിൽ കേന്ദ്രം നൽകിയത്.
ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗതാഗത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെയായിരുന്നു സർക്കാരിന് വേണ്ടി സംസാരിച്ചത്. അതേസമയം, രാജ്യത്ത് പുതിയ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ യാതൊരുവിധ വിലക്കുമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഒരു മാസത്തിനുള്ളിൽ എട്ട് ഇവി സ്‌കൂട്ടറുകൾ കത്തിനശിച്ചതിന് പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തന്നെ ഇവി നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുണെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഒല തങ്ങളുടെ 1441 വാഹനങ്ങൾ തകരാർ പരിഹരിക്കാനായി തിരികെ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.