നാഗ്പുർ: കഴിഞ്ഞിദവസം മധ്യപ്രദേശിലുണ്ടായ അപകടമാണ് സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച. ജൂൺ 11ന് ചിന്ദ്വാര-നാഗ്പുർ ഹൈവേയിലുണ്ടായ അപകടത്തിൽ കിയ സെൽറ്റോസ് രണ്ടായി പിളർന്നതിൻെറ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വാഹനത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കാർ രണ്ടായി വേർപെട്ടത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പലവിധ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നത്. കാർ രണ്ട് ഭാഗങ്ങളായി തകരാൻ ഒരു വഴിയുമില്ലെന്നും യാത്രക്കാരെ രക്ഷപ്പെടുത്താൻ വേണ്ടി കട്ടറുകൾ ഉപയോഗിച്ചിരിക്കാം എന്നുമാണ് പലരും വാദിച്ചത്. എന്നാൽ, വാഹനം വേർപിരിഞ്ഞത് അപകടത്തിൽ തന്നെയാണെന്ന് സൗൻസാർ പൊലീസ് ഇൻസ്പെക്ടർ ആർ.ആർ. ദുബെ വ്യക്തമാക്കുന്നു.
'രണ്ട് വരി പാതയായ എൻ.എച്ച് 547ൽ കിയ സെൽറ്റോസ് അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടയിൽ ഇടറോഡിൽനിന്ന് ബൈക്ക് പെട്ടെന്ന് മുന്നിലേക്ക് വന്നു. ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ റോഡിൽനിന്ന് വാഹനം പുറത്തേക്കെടുക്കുകയും നിമിഷനേരം കൊണ്ട് തിരിച്ചുവരികയും ചെയ്തു. ഇതിനിടയിൽ ടയറിൽ ചെളി നിറഞ്ഞിരുന്നു.
തിരിച്ച് റോഡിലേക്ക് തന്നെ വന്ന വാഹനം നിയന്ത്രണം വിട്ട് പാലത്തിൻെറ ഭിത്തിയുടെ മൂലയിൽ പോയി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തറഭാഗം പിളർന്നു. പാലത്തിൻെറ കൂർത്തഭാഗം കാരണം മേൽക്കൂരയിൽ വെൽഡ് ചെയ്ത ഭാഗം ചെത്തിപ്പോയി. ഇതോടെ വാഹനം രണ്ട് ഭാഗമായി വേർപ്പെടുകയായിരുന്നു' -ആർ.ആർ. ദുബെ പറഞ്ഞു.
യാത്രക്കാരെ രക്ഷിക്കാനായി പൊലീസിന് കട്ടർ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. വാഹനത്തിൻെറ പിൻസീറ്റിൽ ഇരുന്ന മൂന്നുപേരാണ് മരിച്ചത്. മുന്നിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചതിനാലും എയർ ബാഗ് ഉള്ളതിനാലും പരിക്കുകളോടെ രക്ഷപ്പെട്ടു.
പിന്നിലെ സീറ്റിനടിയിൽ ഇന്ധന ടാങ്ക് ഉള്ളതിനാൽ ആ ഭാഗത്ത് ആരും കട്ടർ ഉപയോഗിക്കാറില്ല. ഇനി അഥവാ രക്ഷിക്കണമെന്നുണ്ടെങ്കിൽ മുകൾ ഭാഗമാണ് പൊതുവെ പൊളിക്കാറുള്ളത്. വാഹനം ഒരൊറ്റ തവണ മാത്രമാണ് പാലത്തിൽ ഇടിച്ചിട്ടുള്ളതെന്നും പൊലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.