ആഗസ്റ്റ് മാസം വിവിധ മോഡലുകൾക്ക് വിലക്കിഴിവുമായി മാരുതി സുസുക്കി. 64000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയുടെ രൂപത്തിലാണ് കിഴിവുകൾ ലഭിക്കുക. ഇഗ്നിസ്, സിയാസ്, ബലേനോ എന്നിവക്കാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചത്.
പ്രീമിയം ഔട്ട് ലെറ്റായ നെക്സയിലെ എൻട്രി ലെവൽ വാഹനമാണ് ഇഗ്നിസ്. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 64000 രൂപ വരെയും ഓട്ടോമാറ്റിക്കിന് 54,000 രൂപ വരെ കിഴിവ് ലഭിക്കും. റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, സിട്രോൺ സി3, ടാറ്റ പഞ്ച് എന്നിവയാണ് ഇഗ്നിസിന്‍റെ എതിരാളികൾ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5സ്പീഡ് എ.എം.ടി ഗിയർബോക്സുമായി ഘടിപ്പിച്ചിട്ടുള്ള 83 എച്ച്.പി 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5.84 ലക്ഷം മുതൽ 8.16 ലക്ഷം വരെയാണ് ഇഗ്നിസിന്റെ ഇപ്പോഴത്തെ വില.
ഇടത്തരം സെഡാനായ സിയാസിന്‍റെ എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് 48000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 2018ൽ ആയിരുന്നു ചെറിയ ഫെയ്‌സ്‌ലിഫ്റ്റുമായി സിയാസ് അവസാനമായി അപ്‌ഡേറ്റ് ചെയ്‌തത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ച 105 എച്ച്.പി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ്, പുതിയ ഹ്യുണ്ടായ് വെർണ എന്നിവയാണ് എതിരാളികൾ. 9.3 ലക്ഷം മുതൽ 12.29 ലക്ഷം വരെയാണ് വില.
മാനുവൽ, ഓട്ടോമാറ്റിക്, സി.എൻ.ജി വേരിയന്റുകളിൽ 30000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ബലെനോ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സുമായി ജോടിയാക്കിയ 90 എച്ച്.പി 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ ഹാച്ച്ബാക്കിന്‍റെ കരുത്ത്. സി.എൻ.ജിയിൽ ഇത് 77.5 എച്ച്.പിയും 98.5 എൻ.എം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് i20, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് എതിരാളികൾ. 6.61 ലക്ഷം മുതൽ 9.88 ലക്ഷം രൂപ വരെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.