മാരുതിയിൽ ഓഫറുകളുടെ പെരുമഴക്കാലം; 17,000 മുതൽ 65,000 രൂപ വരെ ഡിസ്കൗണ്ട്​ പ്രഖ്യാപിച്ചു

നാട്ടിൽ പെരുമഴക്കാലമാണ്​. പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞതൊരു കാറെങ്കിലും വേണം. ഇത്​ അറിഞ്ഞിട്ടാണോ എന്തോ, മാരുതി തങ്ങളുടെ വാഹനങ്ങൾക്ക്​ വമ്പിച്ച ഓഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ജൂലൈ മുഴുവൻ ഓഫറുകൾ ലഭ്യമാകുമെന്നും മാരുതി പറയുന്നു. വിവിധ മോഡലുകൾക്ക്​ 17,000 മുതൽ 65,000 രൂപ വരെ ഡിസ്കൗണ്ട്​ ആണ്​ ലഭ്യമാകുന്നത്​. തിരഞ്ഞെടുത്ത അരീന മോഡലുകള്‍ക്കാണ്​ കിടലന്‍ ഡിസ്‌കൗണ്ടുകള്‍ മാരുതി പ്രഖ്യാപിച്ചത്​. ആള്‍ട്ടോ 800 ല്‍ തുടങ്ങി ഡിസയര്‍ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം.

ആള്‍ട്ടോ 800

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ വിടപറഞ്ഞ ജനപ്രിയ മോഡലിന്റെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ക്ക് 30,000 മുതല്‍ 50000 രൂപ വരെയാണ് ഈ മാസം ഡിസ്‌കൗണ്ടുള്ളത്. ഹാച്ച്ബാക്കിലെ 800 സിസി എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ആള്‍ട്ടോ 800 സിഎന്‍ജി പതിപ്പും വില്‍പ്പനക്കെത്തിയിരുന്നു. ഇതും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് താല്‍പര്യക്കാര്‍ക്ക് സ്വന്തമാക്കാം.

ആള്‍ട്ടോ K10

ആള്‍ട്ടോ 800 കളമൊഴിഞ്ഞതോടെ മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായി ആള്‍ട്ടോ K10 മാറിയിരുന്നു. പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ആള്‍ട്ടോ K10 കാറുകൾക്ക്​ 50,000 രൂപ മുതല്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരുന്ന കാറിന്റെ സി.എന്‍.ജി പതിപ്പും വിപണിയില്‍ ഉണ്ട്.

എസ്‌പ്രെസോ

55,000 മുതല്‍ 65,000 രൂപ വരെയാണ് മിനി എസ്‌യുവി ലുക്കിലുള്ള മാരുതി കാറിന് ഈ മാസം മാരുതി സുസുകി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ലുക്കിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് എസ്‌പ്രെസോയുടെ മറ്റൊരു പ്രത്യേകത. മാരുതി ആള്‍ട്ടോ K10-ല്‍ കരുത്ത് പകരുന്ന അതേ 1.0 ലിറ്റര്‍ എഞ്ചിനാണ് ഇതിന്റെയും ഹൃദയം. സമാനമായി രണ്ട് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളിലും സിഎന്‍ജി കിറ്റുമായും കാര്‍ വാങ്ങാം.

വാഗണ്‍ ആര്‍

പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ് മാരുതി സുസുകി വാഗണ്‍ ആര്‍. വിശാലമായ ഇന്റീരിയറും മികവുറ്റ എഞ്ചിനുകളും വാഗണ്‍ ആറിന്റെ പ്രത്യേകതകളില്‍ ചിലത്. ജനപ്രിയ ടോള്‍ ബോയ് ഹാച്ചിന് 45,000 മുതല്‍ 60,000 രൂപ വരെയാണ് ജൂലൈയില്‍ ഡിസ്‌കൗണ്ട് ലഭിക്കുക. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്.

സെലേറിയോ

ചെറുകാറിന്റെ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. സെലേറിയോയുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് ജൂലൈയില്‍ 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉണ്ട്. ഓട്ടോമാറ്റിക് വേണ്ടവര്‍ക്ക് 35,000 രൂപ കിഴിവില്‍ സ്വന്തമാക്കാം. സിഎന്‍ജി വേരിയന്റ് ആണ് താല്‍പര്യമെങ്കില്‍ 65,000 രൂപയുടെ ആനുകൂല്യങ്ങളാണുള്ളത്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് സെലേറിയോക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായി വരുന്നു.

സുസുകി സ്വിഫ്റ്റ്

മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ ബോക്‌സുമായി ജോടിയാക്കുന്നു. സ്വിഫ്റ്റ് പെട്രോള്‍ മാനുവലിന് ഏകദേശം 45,000 രൂപയാണ് ഈ മാസം കിഴിവ്. അരലക്ഷം രൂപ വരെ കിഴിവില്‍ സ്വിഫ്റ്റ് പെട്രോള്‍ ഓട്ടോമാറ്റിക് സ്വന്തമാക്കാം. സ്വിഫ്റ്റ് സിഎന്‍ജി താല്‍പര്യമുള്ളവര്‍ക്ക് 25,000 രൂപ ഡിസ്‌കൗണ്ട് ലഭിച്ചേക്കും.

ഡിസയര്‍

മാരുതിയുടെ സെഡാന്‍ മോഡല്‍ വേണ്ടവര്‍ക്ക് ഇക്കുറി ഡിസയര്‍ ഓഫറില്‍ വാങ്ങാം. 17,000 രൂപ മാത്രമേ സബ് കോംപാക്ട് സെഡാന് ഡിസ്കൗണ്ട്​ ലഭിക്കൂ. ഡിസയറിന്റെ ഓട്ടോമാറ്റിക്, മാനുവല്‍ വേരിയന്റുകള്‍ക്ക് 17,000 രൂപയാണ് ഡിസ്‌കൗണ്ട്. അതേസമയം സിഎന്‍ജി പതിപ്പുകള്‍ക്ക് ഓഫറുകള്‍ ഒന്നുമില്ല. സ്വിഫ്റ്റിന്റെ അതേ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിനും കരുത്ത് പകരുന്നത്.

ഓഫറുകള്‍ സ്‌റ്റോക്​ ലഭ്യതക്കും നഗരങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസം ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾക്ക്​ അരീന ഡീലര്‍ഷിപ്പുമായി ബന്ധപ്പെടണമെന്നും മാരുതി സുസുകി അറിയിച്ചു.

Tags:    
News Summary - Discounts of up to Rs 65,000 on Maruti Suzuki Celerio, S Presso and Wagon R

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.