ഏപ്രിൽ ഒന്നുമുതൽ ദേശീയപാതകളിലെ യാത്രകൾക്ക് ചിലവേറും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ടോൾ നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രതിമാസ പാസ്, 10 ൽ നിന്ന് 20 രൂപയായി ഉയർത്താനും നീക്കമുണ്ട്. എൻ.എച്ച്.എ.ഐ എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ വർധിപ്പിക്കാറുണ്ട്. ടോൾ വർധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതഭാരം വീണ്ടും വർധിപ്പിക്കും.
എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ ടാക്സ് വർധിപ്പിക്കുന്നത് പതിവാണെന്ന് എൻഎച്ച്‌എഐ ഗോരഖ്പൂർ മേഖലയിലെ പ്രോജക്ട് ഡയറക്ടർ സി.എം. ദ്വിവേദി പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്കുകൾ ബാധകമാകും. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ ഫാസ്ടാഗ് സംവിധാനം വഴി സാധിച്ചതായാണ് വിലയിരുത്തൽ. ഇതുകാരണം ഇന്ധന ഉപഭോഗം വലിയ അളവിൽ കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എല്ലാ വാഹനങ്ങളും ദേശീയപാതകളിൽ യാത്ര ചെയ്യാൻ ഫാസ്ടാഗുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ രാജ്യത്ത് പ്രതിവർഷം 20,000 കോടി രൂപയുടെ പെട്രോൾ, ഡീസൽ എന്നിവ ലാഭിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നത്.
'ഇലക്ട്രോണിക് ടോൾ ശേഖരിക്കുന്നതിന് ഹൈവേ ഉപയോക്താക്കൾക്ക് ഫാസ് ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസയിലെ കാലതാമസം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് ഇന്ധനച്ചെലവിൽ പ്രതിവർഷം 20,000 കോടി ലാഭിക്കാൻ സഹായിക്കും' -വാർത്താ ഏജൻസി പിടിഐ ഗഡ്കരിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 മുതൽ ദേശീയപാത ടോൾ പ്ലാസകളിൽ എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗുകൾ നിർബന്ധമാക്കിയിരുന്നു. അതിനുശേഷം ടോൾ വരുമാനത്തിലും വളർച്ചയുണ്ടായി. എൻ.എച്ച്.എ.ഐയുടെ കണക്കനുസരിച്ച് ഫാസ് ടാഗ് വന്നതിനുശേഷം പ്രതിദിന ടോൾ വരുമാനം 104 കോടി വരെ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.