ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തവും തകരാറുകളും: കമ്പനികൾക്ക് കനത്ത പിഴയീടാക്കുമെന്ന് മന്ത്രി

ന്യൂഡൽഹി: ഇലക്ട്രിക് വാഹന കമ്പനികൾ നിർമാണത്തിൽ അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും വാഹനങ്ങൾ തിരിച്ചുവിളിക്കാനും കേന്ദ്രം പദ്ധതിയിടുന്നു. പുതിയ ഗുണനിലവാര കേന്ദ്രീകൃത നിയമങ്ങളുടെ ഭാഗമായാണ് നടപടി.

ഇലക്ട്രിക് സ്കൂട്ടറുകൾ നിരന്തരം തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ കമ്പനികൾക്ക് നിർദേശം നൽകേണ്ടി വരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഓരോ യാത്രക്കാരുടെയും സുരക്ഷയാണ് സർക്കാറിന്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി അപകടങ്ങൾ കാണാനിടയായിട്ടുണ്ട്. ഏതെങ്കിലും കമ്പനി അവരുടെ നിർമാണ പ്രക്രിയകളിൽ അശ്രദ്ധ കാണിച്ചാൽ കനത്ത പിഴ ചുമത്തും. കൂടാതെ തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടും' -ഗഡ്കരി പറഞ്ഞു.

'തീപിടിത്തത്തെക്കുറിച്ച് സർക്കാർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിഹാര നടപടികളെക്കുറിച്ച് ശുപാർശകൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയ കമ്പനികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും' -മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളിൽ നിരവധി ഇലക്ട്രിക് വാഹനങ്ങളാണ് തീപിടിച്ചത്. കൂടാതെ നിരവധി വാഹനങ്ങളിൽ പലവിധ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീപിടിച്ച വാഹനങ്ങളിൽ ഒല, ഒകിനാവ, പ്യുവർ ഇ.വി തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുണ്ട്. ഇതുകാരണം പല ഉപഭോക്താക്കളും ഇലക്ട്രിക് വാഹനം വാങ്ങാൻ മടിക്കുകയാണെന്ന് അധികൃതർ പറയുന്നു.

കാർബൺ ബഹിർഗമനം കുറക്കാനും കാലാവസ്ഥ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച പദ്ധതികൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 2030-ഓടെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 80 ശതമാനം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർ ബൈക്കുകളും ആകണമെന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലിത് രണ്ട് ശതമാനം മാത്രമാണ്. കമ്പനികൾക്ക് ഇ.വികൾ തദ്ദേശീയമായി നിർമിക്കാൻ ബില്യൺ കണക്കിന് രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 

Tags:    
News Summary - Fires and malfunctions in electric vehicles: Minister warns companies of heavy fines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.