ഹ്യൂണ്ടായിയുടെ കുഞ്ഞൻ എസ്.യു.വി എക്‌സ്‌റ്ററിന്‍റെ ആദ്യ യൂനിറ്റ് പുറത്തിറക്കി. തമിഴ്‌നാട്ടിലെ ചെന്നൈ ശ്രീപെരുമ്പത്തൂരിലെ പ്ലാന്‍റിലാണ് കഴിഞ്ഞ ദിവസം ആദ്യ യൂനിറ്റിന്‍റെ നിർമാണം പൂർത്തിയായത്. റേഞ്ചര്‍ കാക്കി നിറത്തിലാണ് ആദ്യ യൂനിറ്റ് നിര്‍മിച്ചിട്ടുള്ളത്. നാലാം തലമുറ റോബോട്ടുകളുടെയും മികച്ച ജീവനക്കാരുടെയും കൂട്ടായ അധ്വാനത്തിലൂടെയാണ് എക്‌സ്റ്റര്‍ ഒരുങ്ങുന്നതെന്ന് ഹ്യുണ്ടായ് അറിയിച്ചു.
ഇ.എക്‌സ്, എസ്, എസ്.എക്‌സ്, എസ്.എക്‌സ്(ഒ), എസ്.എക്‌സ് (ഒ) കണക്ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10 നിയോസ്, ഓറ മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിലാവും എക്‌സ്‌റ്ററും നിർമിക്കുക. രണ്ടുമോഡലുകൾക്കും സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാവും എക്‌സ്‌റ്ററിലും ഉണ്ടാവുക.
പരമാവധി 83 പി.എസ് പവറും 113.8 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്ന എഞ്ചിനിൽ 5സ്പീഡ് മാനുവലും 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനുമാവും ഉണ്ടാവുക. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം ആറ് ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയായിരിക്കും വില. വാഹനത്തിന്‍റെ ഇന്ത്യയിലെ ലോഞ്ച് ജൂലൈ അഞ്ചിന് ഉണ്ടാവുമെന്നാണ് കരുതുന്നത്. ടാറ്റ പഞ്ച് ആവും ഈ മൈക്രോ എസ്.യു.വിയുടെ പ്രധാന എതിരാളി. മാരുതി സുസുക്കി ഇഗ്‌നിസും പോരിന് ഉണ്ടാവും. 11000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് എക്സ്റ്ററിന്‍റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.