വാഹനങ്ങൾക്ക്​ ഫ്ലക്​സ്​ എഞ്ചിനുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; തീരുമാനം 8-10 ദിവസത്തിനകം

രാജ്യത്തെ വാഹനങ്ങളിൽ ​ഫ്ലക്​സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന്​ സൂചന നൽകി​ കേന്ദ്രം. വരുന്ന 8-10 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വെളിപ്പെടുത്തി. വാഹനരംഗത്തെ തുടർച്ചയായ പരിഷ്​കരണങ്ങളുടെ ഭാഗമായാണ്​ ഫ്ലക്​സ്​ എഞ്ചിനുകളും നിർബന്ധമാക്കുന്നത്​. നേരത്തേ രാജ്യത്ത്​ വിൽക്കുന്ന ഇന്ധനത്തിൽ എഥനോൾ ചേർക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനമാണ്​ വിൽക്കുന്നത്​. ഇത്​ പടിപടിയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്​. എഥനോൾ ചേർത്ത ഇന്ധനവും ഫ്ലക്​സ്​ എഞ്ചിനും തമ്മിൽ ബന്ധമുണ്ട്​. അതിനാലാണ്​ തുടർച്ചയായ നീക്കങ്ങളിലേക്ക്​ സർക്കാർ കടക്കുന്നത്​.

എന്താണീ ഫ്ലക്​സ്​ എഞ്ചിൻ

ഫ്ലക്​സ്​ എഞ്ചിനുകൾ എന്നത്​ പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്​. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ്​ ഫ്ലക്​സ്​ എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ്​ ഇവയിൽ ഉപയോഗിക്കുന്നത്​. ഏത് ശതമാനം മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്​. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ്​ പോലുള്ള പരിഷ്​കാരങ്ങളാണ്​ ഇത്​ സാധ്യമാക്കുന്നത്​.


ഫ്ലക്​സ്​ എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത്​​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി തന്നെയാണ്​. 'ഞാൻ ഗതാഗത മന്ത്രിയാണ്. ഞാൻ വാഹന വ്യവസായത്തെകുറിച്ച്​ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പോകുന്നു. പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഫ്ലക്​സ്​ ഇന്ധന എഞ്ചിനുകളും നിർമിക്കണമെന്നതാണ്​ അത്​. ആളുകൾക്ക് 100 ശതമാനം ക്രൂഡ് ഓയിൽ അല്ലെങ്കിൽ 100 ​​എഥനോൾ ഉപയോഗിക്കാം എന്നൊരു ഒാപ്​ഷൻ കൊടുക്കേണ്ടതുണ്ട്​. 8-10 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമാകും'-2020-21 ലെ റോട്ടറി ഡിസ്ട്രിക്റ്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്​തുകൊണ്ട് ഗഡ്​കരി പറഞ്ഞു.

ഫ്ലക്​സ്​ ഇന്ധന എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ​​ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിപ്പിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ ഇതിനകം തന്നെ എഥനോൾ മിശ്രിത പെട്രോളാണ്​ ഉപയോഗിക്കുന്നത്​. 2025 മുതൽ 2023 വരെ രണ്ട് വർഷത്തിനുള്ളിൽ 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ്​ രാജ്യം ലക്ഷ്യമിടുന്നത്​.


പ്രതീക്ഷകൾ നിരവധി

ഒരുപാട്​ പ്രതീക്ഷകളുമായാണ്​ കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലക്​സ്​ എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത്​ കൊണ്ടുവരുന്നത്​. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ്​ കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​. രാജ്യത്തി​െൻറ മിക്ക ഭാഗങ്ങളിലും പെട്രോളി​െൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് പുറത്താണ്​. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.