ഹീറോയുടെ 'ഹീറോ'... കരിസ്മ എക്‌സ്.എം.ആർ വാങ്ങാൻ ചില കാരണങ്ങൾ ഉണ്ട്

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന കരിസ്മ ഇടവേളക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ്. പുത്തൻ രൂപത്തിൽ എത്തിയ കരിസ്മ എക്‌സ്.എം.ആർ നിരത്തുകളിൽ പ്രകമ്പനമാവുമെന്ന് തീർച്ച. 'എന്തുകൊണ്ട് കരിസ്മ' എന്ന ചോദ്യത്തിനുള്ള ചില ഉത്തരങ്ങളാണ് ചുവടെ.

നൊസ്റ്റാൾജിയ നിലനിർത്തി പുത്തൻ രൂപകൽപന


2003ൽ പുറത്തിറങ്ങിയ കരിസ്മയുടെ രൂപ ഭാവങ്ങൾ ആവാഹിച്ച് പുത്തൻ ഡിസൈനിലാണ് എക്‌സ്.എം.ആറിനെ ഹീറോ അവതരിപ്പിച്ചിരുക്കുന്നത്. യുവാക്കളെ ആകർഷിക്കുന്ന സ്‌പോര്‍ട്ടിയായ ഡിസൈന്‍ ആണ് പുതിയ കരിസ്മയുടെ പ്രധാന സവിശേഷത. ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ഹാന്‍ഡില്‍ ബാറിലെ ക്ലിപ്, ഒതുങ്ങിയ എക്‌സ്‌ഹോസ്റ്റ്, നേർത്ത എല്‍.ഇ.ഡി ലാംപുകള്‍ എന്നിങ്ങനെ നീളുന്നു എക്‌സ്.എം.ആറിന്‍റെ സൗന്ദര്യം. പഴയകാല കരിസ്മയുടെ ഐതിഹാസിക നിറമായ മഞ്ഞക്ക് പുറമെ ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ കളറുകളിലും എക്‌സ്.എം.ആര്‍ പുറത്തിറങ്ങും.

എഞ്ചിൻ കരുത്ത്


പുതിയ 210 സി.സി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹീറോ കരിസ്മ എക്‌സ്.എം.ആറിന്റെ പ്രധാന കരുത്ത്. 9250 ആര്‍.പി.എമ്മില്‍ 25.5 ബി.എച്ച്.പിയും 7250 ആര്‍.പി.എമ്മില്‍ പരമാവധി 20.4 എൻ.എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഉരുക്കുകൊണ്ടുളള പ്രത്യേക ഗാർഡിന്‍റെ സുരക്ഷയും എന്‍ജിനുണ്ട്. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുകളോടെ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ബ്രേക്കും സസ്പെൻഷനും


ഡുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം മുന്നില്‍ 300 എം.എം ഡിസ്ക് ബ്രേക്കും പിന്നില്‍ 230 എം.എം ഡിസ്‌ക് ബ്രേക്കുമാണുള്ളത്.ഇത് ബ്രേക്കിങ് സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. ഡുവല്‍ ചാനല്‍ എ.ബി.എസുള്ള ആദ്യത്തെ ഹീറോ മോട്ടോര്‍ സൈക്കിളാണ് കരിസ്മ എക്‌സ്.എം.ആര്‍. മുന്നില്‍ 37എം.എം ടെലസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ 6 സ്റ്റെപ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോ സസ്‌പെന്‍ഷനുമാണുള്ളത്.

ത്രസിപ്പിക്കുന്ന ഫീച്ചറുകള്‍


എല്‍.സി.ഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍, അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, എന്‍.ഇ.ഡിഹെഡ്‌ലാംപ്, എല്‍.ഇ.ഡി ടെയില്‍ലാംപ്‌, എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡികേറ്റര്‍, ഹസാഡ് സ്വിച്ച് എന്നിങ്ങനെ നീളുന്നു കരിസ്മയിലെ സംവിധാനങ്ങൾ. ഫോണ്‍ കണക്ടിവിറ്റി, കോള്‍/എസ്.എം.എസ് അലര്‍ട്ട്, നാവിഗേഷന്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യുവൽ ഇന്‍റിക്കേറ്റർ എന്നിവയും സവിശേഷതകളാണ്.

വില


ഇന്‍ട്രൊഡക്ടറി ഓഫറായി 1,72,900 രൂപയാണ് ഹീറോ കരിസ്മ എക്‌സ്എംആറിന്‍റെ വില. ഓഫര്‍ അവസാമിക്കുന്നതോടെ കരിസ്മയുടെ വിലയില്‍ വര്‍ധനവുണ്ടാവും. ഏകദേശം 10000 രൂപയിലധികം ഭാവിയില്‍ കരിസ്മ എക്‌സ്എംആറിന്‍റെ വിലയിൽ വർധവ് ഉണ്ടാകുമെന്നാണ് സൂചന. സാധാരണക്കാരന് ഈ വിലയിൽ സ്വന്തമാക്കാവുന്ന ഒരു സൂപ്പർ ബൈക്ക് തന്നെയാണ് കരിസ്മ എക്‌സ്.എം.ആർ.

Tags:    
News Summary - Hero Karizma XMR 210 brings back nostalgia. Five Key facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.