ഒരുകാലത്ത് നിരത്തുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന ഹീറോയുടെ മോഡലായ കരിസ്മ പുനരവതരിപ്പിക്കുന്നു. കരിസ്മ എക്സ്.എം.ആർ എന്നാണ് പുതിയ ബൈക്കിന്റെ പേര്. ഫെയേർഡ് ബൈക്കുകളുടെ രാജാവ് എന്നാണ് പുറത്തിറങ്ങിയിരുന്ന കാലത്ത് കരിസ്മ അറിയപ്പെട്ടിരുന്നത്. വിൽപ്പന കുറഞ്ഞതിനെത്തുടർന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഹീറോ ഇപ്പോൾ പുതിയ കരിസ്മ എക്സ്.എം.ആർ ഡീലർമാർക്കായി പ്രദർശിപ്പിച്ചിരിക്കുകയാണ്. മോട്ടോർസൈക്കിൾ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂ ജെൻ കരിസ്മ എക്സ്.എം.ആർ പുതിയ പ്ലാറ്റ്‌ഫോമും നൂതനമായ 210 സിസി ലിക്വിഡ് കൂൾഡ് മോട്ടോറുമാണ് വരിക.
സ്പെസിഫിക്കേഷനുകൾ ഔദ്യോഗികമായി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. 25 ബി.എച്ച്.പി കരുത്തും 30 എൻഎം ടോർകും എഞ്ചിന് പുറപ്പെടുവിക്കാനാകുമെന്നാണ് പ്രതീക്ഷ. ആറ് സ്പീഡ് ഗിയർബോക്സായിരിക്കും.
പഴയ കരിസ്മ മോട്ടോർസൈക്കിളിൽ 20 ബി.എച്ച്.പി പവർ ഉൽപ്പാദിപ്പിച്ചിരുന്ന 223 സിസി എയർ കൂൾഡ് മോട്ടോറായിരുന്നു വന്നിരുന്നത്. ബജാജ് പൾസർ 250, ജിക്‌സർ 250, ഡോമിനാർ 250 എന്നിവയായിരിക്കും പുത്തൻ കരിസ്മയുടെ പ്രധാന എതിരാളികൾ.
കരിസ്മയുടെ ചരിത്രം
ഇന്ത്യയില്‍ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട മോഡലുകളിലൊന്നാണ് കരിസ്മ. 2003ലാണ് മോഡൽ വിപണിയിൽ എത്തുന്നത്. ‘ജെറ്റ് സെറ്റ് ഗോ’ എന്ന ടാഗ്ലൈനിൽ ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യം കരിസ്മ പുറത്തിറങ്ങിയ കാലത്ത് വലിയ ഹിറ്റായിരുന്നു. ഇറങ്ങിയ കാലത്ത് യുവാക്കളുടെ ഇഷ്ട ബൈക്കുകളിൽ ഒന്നായിരുന്നു കരിസ്മ.
പിന്നീട് രണ്ട് കമ്പനികളായി വേർപിരിഞ്ഞ ഹീറോയും ഹോണ്ടയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് കരിസ്‌മ പണികഴിപ്പിക്കുന്നത്. അന്ന് വിപണിയിലെ പ്രധാന എതിരാളി ബജാജ് പൾസർ 220 ആയിരുന്നു. 223 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ കരിസ്‌മ സീരീസിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 19.2 bhp പവറിൽ 19.35 Nm ടോർക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
ഫെയേർഡ് മോട്ടോർസൈക്കിളുകളുടെ അവസാനവാക്കായി അറിയപ്പെട്ടിരുന്ന കരിസ്‌മയ്ക്ക് വിപണിയിൽ കാലിടറുന്നത് 2014 മുതലാണ്. കരിസ്‌മ ZMR എന്ന പേരിൽ പുതിയൊരു മോഡൽ അവതരിപ്പിച്ചതാണ് അതിന്റെ തുടക്കം. ഇതിഹാസ പരിവേഷവുമായി അരങ്ങുവാഴുന്ന സമയത്ത് വിചിത്രമായ ഡിസൈനുമായി രൂപമെടുത്ത ZMR ആരും സ്വീരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.