രാജ്യത്തെ ഏറ്റവും ജനപ്രിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോപ് തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കുന്നു. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. വില വർധന ഏകദേശം 1.5 ശതമാനമായിരിക്കുമെന്നും മോഡലിനെ ആശ്രയിച്ച് ഇവ വ്യത്യകസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഏപ്രിലിലും കമ്പനി വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
പ്രൈസ് റിവ്യൂവിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നത്. നിർമാണ ചിലവ് ഉയർന്നതാണ് വിലവർധനക്ക് കാരണം. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നൂതനമായ ഫിനാന്‍സിങ് ഏർപ്പെടുത്തുമെന്നും ഹീറോ അറിയിച്ചു.
വരാനിരിക്കുന്ന ഉത്സവ സീസണില്‍ കാര്യമായ വില്‍പ്പന നേടി വിപണി വിഹിതം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹീറോ പാഷന്‍ പ്ലസിനെ പുനരവതരിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎസ് VI മാനദണ്ഡങ്ങള്‍ ആരംഭിച്ചതോടെയാണ് ഈ മോഡല്‍ നിര്‍ത്തലാക്കിയിരുന്നത്. 76,065 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ പാഷന്‍ പ്ലസ് വിപണിയില്‍ എത്തിയിരിക്കുന്നത്.
100 സിസി സെഗ്മെന്റില്‍ പുതുതായി പുറത്തിറക്കിയ ഹോണ്ട ഷൈന്‍, ബജാജ് പ്ലാറ്റിന എന്നിവയ്ക്കെതിരെയാണ് പാഷന്‍ പ്ലസ് മത്സരിക്കുന്നത്. പാഷന്‍ പ്ലസിനൊപ്പം എക്സ്ട്രീം 160 4V അതിന്റെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായി അവതരിപ്പിക്കുകയും ചെയ്തു. 1.27 ലക്ഷം മുതല്‍ 1.36 ലക്ഷം രൂപ വരെയാണ് എsക്സ,ട്രീമിന്‍റെ വില.
ഹീറോയുമായി സഹകരിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ്‍ പുറത്തിറക്കുന്ന X440 ജൂലൈ മൂന്നിന് വിപണിയില്‍ എത്തും. ഹാര്‍ലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലാകും X440.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.