ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുത്തിരിക്കെ തങ്ങളുടെ പ്രീമിയം ഇ.വി സ്കൂട്ടർ വിദക്ക് വിലകുറച്ച് ഹീറോ. വിദ V1 പ്ലസിന് 25,000 രൂപയും വിദ V1 പ്രോയ്ക്ക് 20,000 രൂപയുമാണ് കമ്പനി ഇപ്പോൾ കുറച്ചിരിക്കുന്നത്. വിൽപ്പന വർധിപ്പിക്കുന്നതിനായി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ, ഓല എന്നിവ അടുത്തിടെ വിലകുറഞ്ഞ തങ്ങളുടെ മോഡലുകളുടെ ബേസ് വേരിയന്റുകൾ പുറത്തിറക്കിയിരുന്നു. ഇവരോട് മത്സരിക്കാനാണ് വില കുറയ്ക്കുക എന്ന തന്ത്രത്തിലേക്ക് ഹീറോ കടന്നിരിക്കുന്നതെന്നാണ് സൂചന.
1 ലക്ഷത്തിനും 1.50 ലക്ഷത്തിനും ഇടയിലാണ് നിലവിൽ പ്രീമിയം ഇ.വി സ്കൂട്ടറുകളുടെ ഇന്ത്യയിലെ വില. പെട്രോൾ സ്‌കൂട്ടറുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൽപം കൂടുതലാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം ആളുകളെ കൈയിലെടുക്കാനാണ് വില കുറയ്ക്കുന്നതും ബേസ് വേരിയന്റുകൾ പുറത്തിറക്കുന്നതും. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്രാരംഭ വില കൈവരിക്കാനാണ് ഇപ്പോൾ കമ്പനികളുടെയെല്ലാം ശ്രമം.
സംസ്ഥാന സബ്‌സിഡിയുള്ള സ്ഥലങ്ങളിൽ വിദ സ്‌കൂട്ടറുകളുടെ വില പിന്നേയും കുറയും. പുതിയ പ്രഖ്യാപനത്തിന് ശേഷം വിദ V1, V1 പ്രോയ്ക്ക് ഇപ്പോൾ യഥാക്രമം 1.20 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് ഫെയിം II സബ്‌സിഡിയും പോർട്ടബിൾ ചാർജറും ഉൾപ്പെടെയുള്ള വിലയാണെന്നതും ശ്രദ്ധേയമാണ്. ചില സംസ്ഥാനങ്ങൾ ഇവികൾക്ക് സംസ്ഥാനതല സബ്‌സിഡി നൽകുന്നത് തുടരുന്നതിനാൽ ഇവിടെ ഉപഭോക്താക്കൾക്ക് ഇതിലും കുറഞ്ഞവിലയ്ക്ക് വിദ സ്വന്തമാക്കാം.
അഹമ്മദാബാദിലെ ആളുകൾക്ക് V1 പ്ലസ് 99,900 രൂപയ്ക്കും V1 പ്രോ 1,19,900 രൂപയ്ക്കും ലഭിക്കും. ഇതുപോലെ സംസ്ഥാനതല സബ്‌സിഡി അടിസ്ഥാനമാക്കി വിലയിൽ ഇനിയും വ്യത്യാസമുണ്ടാകും. സംസ്ഥാന സബ്‌സിഡി നൽകുന്നത് തുടരുന്ന മറ്റ് സംസ്ഥാനങ്ങളിൽ രാജസ്ഥാനും ന്യൂഡൽഹിയും ഉൾപ്പെടുന്നു. കേരളത്തിൽ ഇതുവരെ വൈദ്യുത വാഹനങ്ങൾക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും നൽകിത്തുടങ്ങിയിട്ടില്ല. മാത്രമല്ല കേരളത്തിൽ ഇപ്പോൾ വിദ മോഡലുകളുടെ വിൽപ്പന കമ്പനി ആരംഭിച്ചിട്ടില്ല.
നേരത്തെ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമായിരുന്നു മുടക്കേണ്ടി വന്നിരുന്നത്. വില കുറഞ്ഞതോടെ കൂടുതൽ ആളുകളിലേക്ക് ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടർ തേടിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹീറോ വിദ ഇവി നിലവിൽ ബെംഗളൂരു, ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് വിപണനം ചെയ്യുന്നത്. പുണെ, അഹമ്മദാബാദ്, നാഗ്പൂർ, നാസിക്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ എട്ട് നഗരങ്ങളിൽകൂടി കമ്പനി വിപുലീകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 2023 കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ 100 നഗരങ്ങളിൽ വിദ ലഭ്യമാക്കാനാണ് ഹീറോയുടെ പദ്ധതി.
വിദ V1 പ്ലസിന് 3.44kWh ബാറ്ററി പായ്ക്കാണുള്ളത്. ഈ വേരിയന്റിൽ പൂർണ ചാർജിൽ 143 കിലോമീറ്റർ വരെ റേഞ്ചാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. V1 പ്രോയ്ക്ക് വലിയ 3.94kWh ബാറ്ററി പായ്ക്കുണ്ട്. ഒറ്റ തവണ ചാർജിൽ 165 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റിൽ ഹീറോ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.