അഡ്വഞ്ചർ പതിപ്പുമായി എത്തുന്ന ക്രെറ്റ, അൽകാസർ മോഡലുകളുട ടീസർ വിഡിയോ പുറത്തുവിട്ട് ഹ്യൂണ്ടായ്. ക്രെറ്റ അഡ്വഞ്ചർ എന്നും അൽകാസർ അഡ്വഞ്ചർ എന്നും പേരിട്ടിരിക്കുന്ന പുത്തൻ വാഹനം വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. രണ്ട് എസ്.യു.വികളും കൂടുതൽ പരുക്കൻ രൂപത്തോടെ വരുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിഡിയോയിൽ വനത്തിനുള്ളിലാണ് വാഹനം പ്രത്യക്ഷപ്പെടുന്നത്. ഹെഡ് ലാമ്പ് അടങ്ങിയ മുൻവശത്തിന്‍റെ ചെറിയൊരു ഭാഗവും അഡ്വഞ്ചർ എന്ന ബാഡ്ജിങ്ങും കാണാം. എന്നാൽ ക്രെറ്റയോ അൽകാസറോ എന്ന കാര്യം വ്യക്തമല്ല.
മുൻവശത്തും പിന്നിലും ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, വശങ്ങളിൽ പ്ലാസ്റ്റിക് ക്ലാഡിങ്, കരുത്തും പുതിയ രൂപവുമുള്ള ബമ്പറും ഫ്രണ്ട് ഗ്രില്ലും,പുത്തൻ അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയാണ് അഡ്വഞ്ചർ പതിപ്പിൽ പ്രതീക്ഷിക്കുന്നത്. ഇന്റീരിയറിൽ അപ്ഹോൾസ്റ്ററിക്ക് പുതിയ തീം ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം, അൽകാസറിന്റെയും ക്രെറ്റയുടെയും അഡ്വഞ്ചർ എഡിഷനുകളുടെ പവർട്രെയിനിൽ ഹ്യുണ്ടായ് മാറ്റങ്ങളൊന്നും വരുത്തില്ല. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ക്രെറ്റ തുടരും. പെട്രോൾ എഞ്ചിൻ പരമാവധി 113 ബി.എച്ച്.പി കരുത്തും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നത്.
ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ഐ.വി.ടി ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസൽ എഞ്ചിൻ 113 ബി.എച്ച്.പി പരമാവധി കരുത്തും 250 എൻ.എം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.
അൽകാസറിൽ ഡീസൽ എഞ്ചിൻ ക്രെറ്റക്ക് സമാനമാണെങ്കിലും പെട്രോൾ എഞ്ചിൻ വ്യത്യസ്തമാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് പ്രത്യേകത. ഇത് പരമാവധി 158 ബി.എച്ച്.പി കരുത്തും 253 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.