നിരവധി ടീസറുകൾക്കുശേഷം എക്സ്റ്റർ എസ്.യു.വി പൂർണമായും വെളിപ്പെടുത്തി ഹ്യുണ്ടായ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ എത്തുന്ന മൈക്രോ എസ്.യു.വിയാണ് എക്സ്റ്റർ. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങും കമ്പനി ആരംഭിച്ചിട്ടീണ്ട്. പുതിയ മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ നൽകി എക്സ്റ്റർ പ്രീ-ബുക് ചെയ്യാം.
ഹ്യുണ്ടായ് നിരയിൽ വെന്യു കോംപാക്‌ട് എസ്‌യുവിക്ക് താഴെയായിരിക്കും എക്സ്റ്ററിന്റെ സ്ഥാനം. ഗ്രാൻഡ് i10 നിയോസിനും ഓറയ്ക്കും മുകളിലായാവും മോഡലെന്നാണ് സൂചന. ദക്ഷിണ കൊറിയയിൽ വിൽക്കുന്ന കാസ്‌പർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹ്യൂണ്ടായിയുടെ എൻട്രി ലെവൽ എസ്.യു.വിയാണ് എക്‌സ്‌റ്റർ.
ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിൽ പുതുമ കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്. കറുപ്പിൽ തീർത്ത ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എച്ച് ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചർ ഡിആർഎൽ, ഡ്യുവൽ-ടോൺ വീലുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ.
ആറ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലും മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിലും ഹ്യുണ്ടായി എക്‌സ്‌റ്റർ ലഭ്യമാകും. പുതിയ റേഞ്ചർ കാക്കി ഷേഡാണ് ഇതിൽ കമ്പനി എടുത്ത് കാണിക്കുന്നത്. ഫീച്ചർ ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ തുടങ്ങിയവ ഉൾപ്പെടും.
ഗ്രാൻഡ് i10 നിയോസ് വഴി ഏറെ പരിചിതമായ 1.2 ലിറ്റർ എൻ.എ പെട്രോൾ എഞ്ചിൻ ഓപ്ഷനാവും മൈക്രോ എസ്‌യുവിക്ക് നൽകുക. ഇത് പരമാവധി 84 bhp കരുത്തും 113 Nm ടോർക്കും ഉത്പ്പാദിപ്പിക്കും.അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഗിയർബോക്സുകളായി ഉണ്ടാകും.എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഉണ്ടാവുമെന്നാണ് സൂചന. ടാറ്റ പഞ്ച് ആയിരിക്കും പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.