പരിഷ്കരിച്ച ഗ്രാൻഡ് ഐ 10 നിയോസ് അവതരിപ്പിച്ച് ഹ്യൂണ്ടായ്; വില 5.69 ലക്ഷം മുതൽ

പരിഷ്കരിച്ച ഗ്രാൻഡ് ഐ 10 നിയോസ് അവതരിപ്പിച്ച് ഹ്യൂണ്ടായ് മോട്ടോഴ്സ്. 5.69 ലക്ഷമാണ് ഹാച്ച്ബാക്കിന്റെ പ്രാരംഭ വില. ടോപ്പ് എൻഡ് വേരിയന്റിന് 8.47 ലക്ഷം വിലവരും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായുള്ള ബുക്കിങ് കമ്പനി നേരത്തേ ആരംഭിച്ചിരുന്നു. 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.

അകത്തും പുറത്തും മാറ്റങ്ങൾ

എറ, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ എന്നീ നാല് വകഭേദങ്ങളിൽ വാഹനം ലഭിക്കും. പുതിയ വാഹനത്തിന് അകത്തും പുറത്തും മാറ്റങ്ങളുണ്ട്. പുതിയ ബമ്പറും വലിയ ഗ്രില്ലും ട്രൈ-ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും സൈഡ് ഇൻടേക്കുകളും ഗ്രാൻഡ് ഐ 10 നിയോസിന് പുതിയ മുഖം നൽകുന്നു. ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ-ലൈറ്റുകളും ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ഇഞ്ച് അലോയ് വീലുകളാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് കളർ ഓപ്‌ഷനുകൾക്കൊപ്പം പുതിയ സ്പാർക്ക് ഗ്രീൻ നിറവും ഹ്യൂണ്ടായ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇന്റീരിയറിൽ പഴയ ക്യാബിൻ ലേഔട്ട് അതേപടി തുടരുന്നു. കാലത്തിനൊത്ത ഡിസൈൻ തന്നെയാണ് ഇൻ്റീരിയറിനുള്ളത്. സീറ്റുകൾക്ക് പുതിയ ഗ്രേ അപ്ഹോൾസ്റ്ററി, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുട്‌വെൽ ലൈറ്റിങ് എന്നിവയാണ് എടുത്തുപറയാവുന്ന മാറ്റങ്ങൾ.

സുരക്ഷയും ഫീച്ചറുകളും

നാല് എയർബാഗുകൾക്കൊപ്പം ഇബിഡിയുള്ള എബിഎസ് സേഫ്റ്റ് ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് എൻഡ് പതിപ്പിന് ആറ് എയർബാഗുകൾ, ഐസോഫിക്സ് ആങ്കറേജുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭിക്കും.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഹാച്ച്ബാക്ക് നിലനിർത്തുന്നു. ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) തുടങ്ങിയ പുതിയ സവിശേഷതകളും കാറിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാം ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമേ ലഭിക്കൂ.


എഞ്ചിൻ

മുഖംമിനുക്കിയെത്തുന്ന ഗ്രാൻഡ് i10 നിയോസിന്റെ എഞ്ചിനിലോ മറ്റ് മെക്കാനിക്കൽ വശങ്ങളിലോ കമ്പനി പുതുമകളൊന്നും നൽകിയിട്ടില്ല. നിലവിലെ കാറിൽ നിന്നുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് ഹാച്ചിന് ഇപ്പോഴും തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 83 bhp കരുത്തും 114 ടോർക്കും പുറത്തെടുക്കും.

കൂടാതെ 69 bhp പവറും 95.2 എൻ.എം ടോർക്കും പുറത്തെടുക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഹാച്ച്ബാക്കിന് ലഭിക്കും. ഇതിൽ 5-സ്പീഡ് ഗിയർബോക്‌സിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. സ്പോർട്ടിയറായ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ i10 നിയോസിൽ നിന്ന് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.


പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 20.7 കി.മീ. ഇന്ധനക്ഷമതയാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. അതേസമയം പെട്രോൾ എഎംടി ഓട്ടോമാറ്റിക് 20.1 കി.മീ മൈലേജാവും ലഭിക്കുക. അതേസമയം സിഎൻജി വേരിയന്റുകൾ 27.3 കിലോമീറ്റർ ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.


Tags:    
News Summary - Hyundai Grand i10 Nios facelift launched at Rs 5.69 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.