ആഗോള വാഹന വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം പരിഹരിക്കാൻ ഇടപെടുമെന്ന് കേന്ദ്രം. മാരുതി സുസുകി, ടൊയോട്ട തുടങ്ങിയ വമ്പൻ കമ്പനികൾ പ്രതിസന്ധിയിലായതോടെയാണ് കേന്ദ്രം വിഷയത്തിൽ ഇടപെടുന്നത്. അർധചാലക വ്യവസായം ഇന്ത്യയിൽ സജീവമാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സർക്കാരിെൻറ ആത്മനിർഭർ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ നീക്കം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
'ലോകവ്യാപകമായി അർധചാലകങ്ങളുടെ ക്ഷാമം രൂക്ഷമാണ്. അർധചാലക വ്യവസായം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ വേണ്ട നടപടി എടുക്കും. രണ്ട് മേഖലകളെയും പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്'-പീയുഷ് ഗോയൽ പറഞ്ഞു. അർധചാലക നിർമാണത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ടാറ്റ ഗ്രൂപ്പ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള ചിപ്പ് പ്രതിസന്ധിയോടുള്ള ഗോയലിെൻറ പ്രതികരണം.
നിർമാണം കുറച്ച് ടൊയോട്ട
സെമി കണ്ടക്ടർ ക്ഷാമം കാരണം ആഗോളതലത്തിൽ വാഹന നിർമാണം 40 ശതമാനം കുറക്കുമെന്ന് ടൊയോട്ട മോേട്ടാഴ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ടൊയോട്ട. സെപ്റ്റംബറിൽ 900,000 വാഹനങ്ങൾ നിർമിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് സാധ്യമാകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ടൊയോട്ടയുടെ ഓഹരികളിൽ നാല് ശതമാനത്തിലധികം ഇടിവ് സൃഷ്ടിക്കാനും ഇത് കാരണമായിട്ടുണ്ട്. 2018 ഡിസംബറിന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണിത്.
പ്രതിസന്ധി കാരണം നിരവധി ഫാക്ടറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും ടൊയോട്ട നിർബന്ധിതമായിട്ടുണ്ട്. വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലേയും ജപ്പാനിലെ 15 ടൊയോട്ട ഫാക്ടറികളിലും നിർമാണം പ്രതിസന്ധിയിലാണ്. കൊറോള, പ്രയുസ്, കാമ്രി, ലെക്സസ് തുടങ്ങിയ മോഡലുകളെയെല്ലാം പ്രതിസന്ധി ബാധിക്കും. നിലവിലെ പ്രശ്നങ്ങൾ ടൊയോട്ടയുടെ ഇന്ത്യയിലെ കച്ചവടത്തെ എങ്ങിനെ ബാധിക്കുമെന്ന് ഉറപ്പായിട്ടില്ല.
ഒാഗസ്റ്റിൽ നിരവധി മോഡലുകളുടെ നിർമാണം ഭാഗികമായി തടസപ്പെടുമെന്ന് മാരുതി സുസുകി ഇന്ത്യ അധികൃതർ നേരത്തേ പറഞ്ഞിരുന്നു. ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത് മാരുതിയുടെ ഗുജറാത്തിലെ നിർമാണശാലയിലാണ്. ഓഗസ്റ്റ് 7, 14, 21 തീയതികളിൽ ഇവിടെ വാഹന നിർമാണം നിർത്തിവയ്ക്കാനും മാരുതി തീരുമാനിച്ചിട്ടുണ്ട്. ചില ഉത്പ്പാദന ലൈനുകൾ രണ്ടിനുപകരം ഒരു ഷിഫ്റ്റിലേക്ക് വെട്ടിക്കുറക്കാനും നീക്കമുണ്ട്.
ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 അർധചാലകങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്ക്. ആഗോളതലത്തിൽ വാഹനവ്യവസായത്തെ അർധചാലക ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട് ഏറെക്കാലമായി. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ് പ്രശ്നത്തിന് കാരണമായത്. ചിപ്പ് നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.