അവതരണത്തിന് മുമ്പേ ഹ്യുണ്ടായ് എക്സ്റ്ററിന്‍റെ ചിത്രങ്ങൾ പുറത്ത്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് മൈക്രോ എസ്.യു.വി എക്സ്റ്ററിന്റെ ചിത്രങ്ങൾ അവതരണത്തിന് മുമ്പേ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ദക്ഷിണ കൊറിയയിൽനിന്ന് എത്തിയ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഒറ്റനോട്ടത്തിൽ ഹ്യുണ്ടായിയുടെ വെന്യുവിനോടാണ് എക്സ്റ്ററിന് സാമ്യം. എന്നാൽ മുൻഭാഗത്തെ ഗ്രില്ലിന് ഹ്യുണ്ടായ് അയോണിക് 5 നോടാണ് സാമ്യത.

എച്ച് ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകളും ടെയ്ൽ ലാമ്പും, ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽ.ഇ.ഡി ലൈറ്റ് ബാർ, കരുത്തുള്ള സ്കിഡ് പ്ലേറ്റ്, വെന്യുവിന് സമാനമായി ചതുരാകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും റൂഫ് റെയിലും ചിത്രത്തിൽ കാണാം. ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ സോണറ്റിനോട് ഏറെക്കുറെ സമാനമാണ് എക്സ്റ്ററിന്‍റെ സി പില്ലർ. കഴിഞ്ഞ ദിവസം എക്‌സ്‌റ്റർ മൈക്രോ എസ്‌.യു.വിയുടെ ആദ്യ ഡിസൈൻ ചിത്രം ഹ്യുണ്ടായ് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10 നിയോസ്, ഓറ മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിലാവും എക്‌സ്‌റ്ററും നിർമിക്കുക. രണ്ടുമോഡലുകൾക്കും സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാവും എക്‌സ്‌റ്ററിലും ഉണ്ടാവുക. പരമാവധി 83 പി.എസ് പവറും 113.8 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്ന എഞ്ചിനിൽ 5സ്പീഡ് മാനുവലും 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനുമാവും ഉണ്ടാവുക.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ആറ് ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയായിരിക്കും വില. വാഹനത്തിന്‍റെ ഇന്ത്യയിലെ ലോഞ്ച് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും ടാറ്റ പഞ്ചിനോട് മത്സരിക്കാനാവും ഈ മൈക്രോ എസ്‌.യു.വി എത്തുന്നത്. മാരുതി സുസുക്കി ഇഗ്‌നിസും എതിരാളിയാവും.

Tags:    
News Summary - India-bound Hyundai Exter SUV revealed for the first time in spy shots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.