പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗ്; നിർണായക തീരുമാനവുമായി കേന്ദ്രം

എട്ട് സീറ്റുകളുള്ള വാഹനങ്ങളിൽ ആറ് എയർബാഗ് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുന്നത് നീട്ടി കേന്ദ്രം. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് 2023 ഒക്ടോബർ ഒന്നിലേക്ക് നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി അറിയിച്ചു. വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖല പരിമിതികളും സാമ്പത്തിക സാഹചര്യത്തിൽ വന്ന മാറ്റവും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത് ദീർഘിപ്പിച്ചതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.

പുതിയ നിയമം നടപ്പാക്കുന്നതിന് പത്തുലക്ഷം യൂനിറ്റ് എയർബാഗുകൾ അധികമായി വേണ്ടിവരുമെന്നും ഇന്ത്യയിൽ അതിനുള്ള നിർമാണ ശാലകളില്ലെന്നുമാണ് കേരന്ദത്തിന്റെ വിലയിരുത്തൽ. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആൻഡ് ഹൈവേ മന്ത്രാലയം ജനുവരിയില്‍ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഒക്ടോബർ ഒന്നു മുതൽ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ഇത് ബാധകമാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആറ് എയർബാഗുകൾ നിർബന്ധമാക്കിയാൽ ഇപ്പോഴത്തേക്കാൾ 3 ഇരട്ടി, അതായത് ഏകദേശം 18 ദശലക്ഷം എയർബാഗുകൾ അധികം വേണ്ടിവരും.


കഴിഞ്ഞ ജനുവരി 14ന് പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് എം1 വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളിലാണ് (എട്ടു യാത്രക്കാരെ വരെ വഹിക്കാവുന്ന, 3.5 ടണ്ണില്‍ കുറവ് ഭാരമുള്ളവ) ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. മുന്‍ഭാഗത്ത് രണ്ടെണ്ണവും നാലു ഡോറുകളിലും ഓരോന്നു വീതവും എഐഎസ്-099 നിലവാരത്തിലുള്ള എയര്‍ബാഗുകളാണ് വേണ്ടത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ (BIS) മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇതില്‍ കാലാകാലങ്ങളില്‍ മാറ്റങ്ങളുണ്ടാവുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

കൂടുതല്‍ എയര്‍ ബാഗുകള്‍ വരുന്നതോടെ സുരക്ഷ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെ കാര്‍ വിലയില്‍ കുറഞ്ഞത് 50,000 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ പല നിര്‍മാതാക്കളും കാറുകളില്‍ ആറ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയിട്ടില്ല. പത്തു ലക്ഷം രൂപയിലേറെ വിലയുള്ള കാറുകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്.

Tags:    
News Summary - India makes six airbags mandatory for cars from October next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.