കൊച്ചി: ഇന്ത്യൻലൈഫ്‌സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ 'വാൻ (VAAN)' ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് ഇറ്റലിയിൽ നടന്ന ഇഐസിഎംഎ (EICMA) മോട്ടോർസൈക്കിൾ ഷോയിൽ ലോഞ്ച് ചെയ്തു. ഈ രീതിയിൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പാണ് വാൻ. ഒരു മലയാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം ഇന്ത്യയിലും അവരുടെ ബ്രാൻഡ് ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. ആഗോള വിപണിയിൽ ഇന്ത്യക്കായി ഉന്നത നിലവാരമുള്ള ഇ-മൊബിലിറ്റി ബ്രാൻഡ് എന്ന ആശയത്തിൽ നിന്നാണ് വാനിന്റെ പിറവി. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരം ലഭിച്ച കമ്പനി കൂടിയാണിത്.
മലയാളിയായ ജിത്തു സുകുമാരൻ നായരാണ് വാൻ ഇ- മൊബിലിറ്റിയുടെ സ്ഥാപകനും സിഇഒയും. സിംഗപ്പൂരിലെ അൾട്രാഡീപ് സബ്‌സി കമ്പനിയിൽ ഷിപ്പ് ബിൽഡിംഗ് ആന്റ് ഡിസൈൻ വിഭാഗത്തിന്റെ ജനറൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഈ അവസരത്തിലായിരുന്നു നൂതനമായ ആശയം രൂപം കൊള്ളുന്നതും വാൻ എന്ന സ്റ്റാർട്ട് അപ്പ് യാഥാർത്ഥ്യമായതും. ഇ-ബൈക്കുകൾ, ഇ-മോപ്പഡ്, ഇ-സ്കൂട്ടർ, ഇ-ബോട്ട് തുടങ്ങിയവയാണ് വാൻ വിപണിയിൽ പരിചയപ്പെടുത്താൻ പോകുന്ന ഉത്പന്നങ്ങൾ.
ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെടിഎമ്മിന്റെ ഭാഗമായ കിസ്കയാണ് (KISKA) കമ്പനിയുടെ ബ്രാൻഡിംഗ് നടത്തുന്നത്. ഇതോടൊപ്പം പ്രൊഡക്ട് ഡെവലപ്മെന്റ് പ്രവർത്തനങ്ങളും കിസ്ക തന്നെ കൈകാര്യം ചെയ്യും. ലോകോത്തര മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തവുമുണ്ട്. ഇറ്റലിയിൽ നടന്ന മോട്ടോർസൈക്കിൾ ഷോയിൽ കമ്പനിയുടെ ഉത്പന്നങ്ങളും അവതരിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഇ- ബൈക്കുകൾ, കുട്ടികൾക്കുള്ള സൂപ്പർ ബൈക്ക്, വസ്ത്രങ്ങൾ എന്നിവയാണ് പുറത്തിറക്കുകയെന്ന് കമ്പനി സിഇഒ ജിത്തു സുകുമാരൻ നായർ പറഞ്ഞു.
സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാകുക എന്ന ആശയമാണ് കമ്പനിയെ നയിക്കുന്നത്. മനസ്സിൽ യുവത്വം കാത്തു സൂക്ഷിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അത് സാങ്കേതിക വിദഗ്ധർ , പരിസ്ഥിതി പ്രവർത്തകർ, സ്റ്റാർട്ട് അപ്പ്, കോർപ്പറേറ്റ്, സർവകലാശാല തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ എന്നിങ്ങനെ ആരുമാകാം.
ആഗോളതലത്തിൽ സ്വാധീന ശക്തിയാകാൻ കഴിയുന്ന ബ്രാൻഡായി വാനിനെ മാറ്റുകയാണ് ലക്ഷ്യം. എല്ലാ അർത്ഥത്തിലും ഒരു തദ്ദേശീയ സംരംഭം ആണെങ്കിലും ആഗോള വിപണിയെ കൂടി മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങൾ രൂപവത്കരിക്കുന്നത് എന്ന് ജിത്തു സുകുമാരൻ നായർ പറഞ്ഞു. ദക്ഷിണേന്ത്യയിൽ കമ്പനിയുടെ വികസന കേന്ദ്രങ്ങളും നിർമ്മാണ സൗകര്യങ്ങളും ഉടൻ സ്ഥാപിക്കാനാണ് പദ്ധതി. നിലവിൽ വാനിന്റെ അസംബ്ലിങ് യൂണിറ്റ് എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും ജിത്തു വ്യക്തമാക്കി.ബ്രാൻഡ് ലോഞ്ചിന് പിന്നാലെ ഉടൻ തന്നെ വൈവിധ്യമാർന്ന ഇ- മൊബിലിറ്റി ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.