മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണേ...

മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണേ...

മഴക്കാലം മനോഹരമാണെങ്കിലും ഈ സമയത്തെ ഡ്രൈവിങ് അത്ര സുഖകരമായിരിക്കില്ല. വാഹനം ഓടിക്കുമ്പോൾ കാഴ്ചശക്തിയെ മഴ പ്രതികൂലമായി ബാധിക്കും. വണ്ടിക്കും നിങ്ങളുടെ സുരക്ഷക്കും ഇത് ഭീഷണിയാണ്. നിരവധി അപകടങ്ങളാണ് മഴക്കാലത്ത് ഉണ്ടാവുന്നത്. വെല്ലുവിളി നിറഞ്ഞ മഴക്കാലത്ത് ഡ്രൈവിങ് സുരക്ഷിതമാക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ചില നുറുങ്ങുകൾ ചുവടെ നൽകുന്നു.

 കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക

മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനത്തിന്‍റെ ടയറുകൾ ശരിയായി പരിപാലിക്കേണ്ടത് പ്രധാനമാണ്. ടയറിന്‍റെ തേയ്മാനം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ മർദ്ദം ടയറിലുണ്ടെന്ന് ഉറപ്പാക്കുക. ടയറുകൾ തേയ്മാനം സംഭവിച്ചവയാണെങ്കിൽ നനഞ്ഞ പ്രതലങ്ങളിൽ ട്രാക്ഷൻ കുറവായിരിക്കും. ഇത് റോഡിന് മീതെ ടററിന്‍റെ നിയന്ത്രണം കുറക്കും. കൃത്യമായ ട്രാക്ഷൻ നിലനിർത്താൻ ഇത്തരം ടയറുകൾ മാറ്റിസ്ഥാപിക്കണം.

പഴകിയ വൈപ്പർ ബ്ലേഡുകൾ മാറ്റുക

മഴക്കാലത്ത് വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിന് ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ നിർബന്ധമാണ്. അതിന്വൈപ്പർ ബ്ലേഡുകൾ ഇടക്കിടെ പരിശോധിക്കണം. ബ്ലേഡുകളിൽ വിള്ളലോ വാഹനത്തിന്‍റെ ഗ്ലാസിൽ വരകളോ ശ്രദ്ധയിൽപ്പെട്ടാൽ വൈപ്പർ മാറ്റണം. ഉയർന്ന നിലവാരമുള്ള വൈപ്പർ ബ്ലേഡുകൾ വാങ്ങുന്നത് പരിഗണിക്കുക. ഇത് വിൻഡ്‌ഷീൽഡിലുള്ള വെള്ളം മികച്ച രീതിയിൽ ഒഴിവാക്കി റോഡിന്റെ കാഴ്ച കൂടുതൽ വ്യക്തമാക്കുന്നു.

ലൈറ്റുകളുടെ പ്രവർത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക

പകൽ സമയം ആണെങ്കിലും മഴക്കാലത്തെ ഡ്രൈവിങിൽ ലൈറ്റുകൾ നിർണായക പങ്ക് വഹിക്കുന്നു. ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ടേൺ സിഗ്നലുകൾ എന്നിവയുൾപ്പെടെ എല്ലാ ലൈറ്റുകളും പതിവായി പരിശോധിക്കണം. മങ്ങിയതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ ലൈറ്റുകൾ മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ കാറിലേക്കുള്ള ദൃശ്യപരത കുറക്കുന്നു. ഇത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ, നിങ്ങളുടെ ഫോഗ് ലൈറ്റുകൾ പ്രവർത്തക്ഷമമാണെന്നും ഉറപ്പാക്കുക.

ഇലക്ട്രിക്കൽ ഘടകങ്ങൾ സുരക്ഷിതമാക്കുക

വാഹനത്തിന്റെ വൈദ്യുത സംവിധാനത്തിൽ വെള്ളത്തിന്‍റെ സാന്നിധ്യമുണ്ടായാൽ അവ തകരാറിലാവാൻ സാധ്യതയുണ്ട്. മഴയിൽ വൈദ്യുത തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നതിന് പതിവായി അവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബാറ്ററി, ഇഗ്നിഷൻ സിസ്റ്റം, വയറിങ് എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുക. ഇലക്‌ട്രിക്കൽ കണക്ഷനുകളിൽ ഡൈഇലക്‌ട്രിക് ഗ്രീസ് പുരട്ടുന്നത് ഈർപ്പം അകറ്റാൻ സഹായിക്കും.

കാറിന്റെ പുറംഭാഗം(എക്സ്റ്റീരിയർ) സംരക്ഷിക്കുക

പതിവായി കാർ കഴുകുന്നതും ഉയർന്ന നിലവാരമുള്ള വാക്ല് പൊളീഷുകൾ പുരട്ടുന്നതും വാഹനത്തിന്റെ പുറംഭാഗത്തിന് മഴക്കാലത്ത് സംരക്ഷണമേകും. ജലത്തെ അകറ്റി, തുരുമ്പോ അല്ലെങ്കിൽ പെയിന്റിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത് തടയുന്നതിലൂടെ വാക്സ് ഒരു സംരക്ഷിത പാളിയായി പ്രവർത്തിക്കുന്നു. കൂടാതെ, വാഹനത്തിൽ വെള്ളം കയറുന്നത് തടയാൻ എല്ലാ ഡോറുകളും ഗ്ലാസുകളും സൺറൂഫും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക

മഴക്കാലത്ത് സുരക്ഷിതമയ പാർക്കിങ് സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഗാരേജുകളിലോ മുകൾ ഭാഗം മൂടിയ സുരക്ഷിത സ്ഥലങ്ങളിലോ നിങ്ങളുടെ കാർ പാർക്ക് ചെയ്യുക. മരങ്ങൾക്ക് താഴെയുള്ള പാർക്കിങ് ഒഴിവാക്കുന്നതാണ് ഉചിതം. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുക.

ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക

  • ഫോഗ് ലാമ്പുകൾ ഉപയോഗിക്കുക
  • ഹൈ ബീമുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ തടസപ്പെടുത്താം. അതിനാൽ ലോ ബീം ഉപയോഗിക്കുക
  • തനിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഒപ്പം ആളുള്ളത് നമ്മുടെ ജാഗ്രത വർധിപ്പിക്കും
  • തിരക്കൊഴിവാക്കി നേരത്തെ തയാറാക്കിയ പദ്ധതികളുമായി നേരത്തെ പുറപ്പെടുക
  • മഴക്കാല യാത്രയിൽ വേഗം തീർച്ചയായും കുറക്കണം
  • ഗ്ലാസുകളിൽ മഞ്ഞുമൂടിയാൽ ഡീഫ്രോസ്റ്റർ ഉപയോഗിക്കുക
  • മറ്റ് വാഹനങ്ങളുടെ പിന്നിൽ പോകുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുക
  • വണ്ടി ഗട്ടറുകളിൽ ചാടാതെ സൂക്ഷിക്കുക. വെള്ളം തെറിച്ചു വീണ് എൻജിനോ സെൻസറുകൾക്കോ കേടു വരാം
  • ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ തീരെ ചെറുതും ഒരുപാടു വലുതുമായവ ഒഴിവാക്കുക.
  • നെറ്റി മൂടി വേണം ഹെൽമറ്റ് ധരിക്കാൻ. പിറകിലേക്കു ചെരിച്ച് വെക്കരുത്.
  • ഹെൽമറ്റിന്‍റെ സ്ട്രാപ്പുകൾ മുറുക്കി ഇട്ടിരിക്കണം.
Tags:    
News Summary - It is the rainy season; Pay attention to these things while driving...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.