വരുന്നൂ, ജീപ്പ്​ ജൂനിയർ; പ്ലാറ്റ്​ഫോമും എഞ്ചിനും സിട്രോണിൽ നിന്ന്​​; ഫോർവീൽ വേരിയന്‍റിനും സാധ്യത

ജീപ്പിന്‍റെ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ഏ​റെനാളായി പറഞ്ഞുകേൾക്കുന്നതാണ്​ കോമ്പാക്​ട്​ എസ്​.യു.വി വരുമെന്നത്​. അമേരിക്കൻ വാഹനനിർമാതാവായ ജീപ്പിന്‍റെ ആഗോള ഉത്​പന്ന ശ്രേണിയിലെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും ഇതെന്നും സൂചന ഉണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച്​ ഇപ്പോൾ സ്​ഥിരീകരണം നടത്തിയിരിക്കുകയാണ്​ ജീപ്പ്​ ഡിസൈന്‍റെ ആഗോള മേധാവി​ റാൾഫ്​ ഗിൽസ്​.


ജീപ്പ്​ കോമ്പാക്​ട്​ എസ്​.യു.വി വരുമെന്നുമാത്രമല്ല അതിനൊരു ഓൾവീൽ ഡ്രൈവ്​ വേരിയന്‍റ്​ ഉണ്ടായിരിക്കുമെന്നും റാൾഫ്​ പറയുന്നു. സിട്രോണിന്‍റെ സി 21 മോഡലുമായി പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടുന്ന വാഹനം 4x4 കഴിവുകൾ ലഭിക്കുന്നതിന് റിയർ ആക്‌സിലിലുള്ള ഒരു ഇ-മോട്ടോറും ഉപയോഗിക്കും. വിറ്റാര ​ബ്രെസ്സ കിയ സോണറ്റ്​ തുടങ്ങി കോമ്പാക്​ട്​ എസ്​.യു.വി വിഭാഗത്തിലെ പ്രധാന എതിരാളികൾക്കൊന്നും ഫോർവീൽ ഡ്രൈവ്​ ഇല്ലാത്തത്​ ജീപ്പ്​ ജൂനിയറിന്​ വിപണിയിൽ മുൻതൂക്കം നൽകും.


ജീപ്പിന് ഇ-ആക്‌സിലുകൾ

'കോമ്പസിലും റെനെഗേഡിലും ഇ-ഓൾ‌ വീൽ‌ ഡ്രൈവ് സംവിധാനം യൂറോപ്പിൽ‌ ഞങ്ങൾ‌ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ എഞ്ചിനീയർമാർ പരിഹരിച്ച പ്രശ്​നമാണ്. ഇ-മൊബിലിറ്റി എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. പക്ഷേ ഇത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. അടിസ്ഥാനപരമായി സമാന (മെക്കാനിക്കൽ 4x4) ഹാർഡ്‌വെയറിനെ ഒരു ഇ-മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ്​ ചെയ്യുന്നത്​'- റാൾഫ്​ ഗിൽസ് പറഞ്ഞു. ജീപ്പ് കഴിഞ്ഞ വർഷം യൂറോപ്പിൽ റെനെഗേഡ് 4xe, കോമ്പസ് 4xe എന്നിവ പുറത്തിറക്കിയിരുന്നു.


രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് (പി‌എച്ച്‌ഇവി) മോഡലുകൾക്കും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. വേരിയന്‍റിനെ ആശ്രയിച്ച് മൊത്തം ഔട്ട്‌പുട്ട് 190 എച്ച്പി അല്ലെങ്കിൽ 240 എച്ച്പിയാണ്​. ഹ്യുണ്ടായ് വെന്യു, കിയ സോനറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ഫോർഡ് ഇക്കോസ്പോർട്ട്, നിസ്സാൻ മാഗ്നൈറ്റ്, റിനോ കിഗർ തുടങ്ങി വമ്പന്മാരോടാകും ജീപ്പ്​ ജൂനിയർ​ വിപണിയിൽ ഏറ്റുമുട്ടുക. മറ്റുള്ളവർക്കൊന്നും ​േഫാർവീൽ ഡ്രൈവ്​ വാഹനം ഇല്ലാത്തത്​ ജീപ്പിന്​ മുൻതൂക്കം നൽകുകയും ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.