തൃശൂർ സി.എം.എസ് ഹൈസ്കൂളിലെ മുൻ അധ്യാപകനായ ഗോപിനാഥൻ മാഷ് ഒരു പുസ്തകമെഴുതിക്കൊണ്ടിരിക്കുകയാണ്. ജീവിതവിജയം നേടിയ തന്റെ ശിഷ്യന്മാരെക്കുറിച്ചുള്ള ഒരു പുസ്തകം. അതിലെ ഒരു അധ്യായത്തിൽ ജസ്റ്റിൻ അഗസ്റ്റിന്റെ കഥയാണ്. 'ഫെയറി ടെയ്ലു'കളെ വെല്ലുന്ന ജസ്റ്റിന്റെ 'ഫെറാറി ടെയ്ൽ'. തൃശൂർ റൗണ്ടിലൂടെ സൈക്കിൾ ചവിട്ടി നടന്നൊരു പയ്യൻ ഇറ്റലിയിലെ ഫെറാറിയുടെ ട്രാക്കിൽ അവരുടെ സൂപ്പർ കാറുകൾ കൂളായി ഓടിച്ച അത്ഭുത കഥ.
'ഫെറാറി കാറിനെക്കുറിച്ചുള്ള കേട്ടുകേൾവിയൊക്കെ ഇന്ത്യാക്കാർക്കുണ്ടോ' എന്ന് പരിഹസിച്ച വിദേശികളെ തനിക്കൊപ്പം സെൽഫിയെടുക്കാൻ കാത്തുനിർത്തിച്ച പ്രതികാര കഥ. അതിലുപരി പ്രാരാബ്ധത്തിന്റെ ഫസ്റ്റ് ഗിയറിൽ പതുങ്ങി പതുങ്ങി പോയിരുന്ന ജീവിതത്തെ ഫെറാറി കാറുകളുടെ വേഗത്തിൽ വിജയത്തിലെത്തിച്ച മാസ്സ് കഥ.
ഫെറാറി കാറുകളുടെ മികച്ച ടെക്നിഷ്യനെ കണ്ടെത്താന്‍ ലോകമൊട്ടുക്കും നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണയാണ് ജസ്റ്റിൻ ജേതാവായത്. 2015ലും 2017ലും. ഈനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജസ്റ്റിൻ. ഇപ്പോൾ ദുബൈയിലെ അൽ തായർ മോട്ടേഴ്സിൽ ഫെറാറിയുടെയും മാസെറാറ്റിയുടെയും ടെക്നിക്കൽ മാനേജരായ ജസ്റ്റിന് മുമ്പും ശേഷവും മിഡിലീസ്റ്റ്, ആഫ്രിക്ക, ഇന്ത്യ റിജ്യണിൽ നിന്ന് മറ്റാരും ഈ ബഹുമതി നേടിയിട്ടുമില്ല.
രണ്ട് തവണയും ഇറ്റലിയിലായിരുന്നു മത്സരം. 2016ൽ അമേരിക്കയിൽ നടന്ന മത്സരത്തിലും ജസ്റ്റിൻ ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും ചില സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി വിസ നിഷേധിക്കപ്പെട്ടതിനാൽ പോകാൻ കഴിഞില്ല. പോയിരുന്നെങ്കിൽ മൂന്നുവർഷം തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടുന്നയാളായി ജസ്റ്റിൻ മാറിയേനേ.
തൃശൂര്‍ ജില്ലയിലെ വിയ്യൂരിൽ ഇടത്തരം കുടുംബത്തിലെ മൂത്ത മകനായായിരുന്നു ജസ്റ്റിന്റെ ജനനം. കണ്ണൂരിലെ സ്വകാര്യ പടക്ക കമ്പനിയിൽ സൂപ്പർവൈസറായിരുന്നു പിതാവ് അഗസ്റ്റിൻ. 1995ൽ പടക്കക്കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ അഗസ്റ്റിൻ കൊല്ലപ്പെടുമ്പോൾ ജസ്റ്റിൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയാണ്. പത്താം ക്ലാസ് പാസായയുടൻ 'പെട്ടെന്നൊരു ജോലി' ലക്ഷ്യമിട്ട് ബന്ധുക്കൾ ജസ്റ്റിനെ മെഡിക്കൽ ലാബ് ടെക്നീഷ്യൻ കോഴ്സിന് ചേർത്തു. എൻജിനീയറാകാൻ ആഗ്രഹിച്ചിരുന്ന ജസ്റ്റിന് മുന്നിൽ അമ്മയുടെയും രണ്ട് അനുജത്തിമാരുടെയും കാര്യങ്ങൾ നോക്കാൻ വേറെ വഴിയില്ലായിരുന്നു.
ആ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ചാണ് ജസ്റ്റിൻ തൃശൂർ സെൻറ് മേരീസ് ഐ.ടി.ഐയിൽ ഓട്ടോമൊബൈൽ എം.എം.വി കോഴ്സിന് ചേരുന്നത്. ചെറുപ്പം മുതൽ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ജസ്റ്റിന്റെ ജീവിതത്തിൽ വഴിത്തിരിവായതും ഈ മാറ്റമാണ്. രണ്ട് വർഷത്തെ കോഴ്സ് കഴിഞ്ഞ് കൂടെ പഠിച്ചവർ വർക്ക്ഷോപ്പുകളിൽ കയറിയപ്പോൾ ജസ്റ്റിന് ലഭിച്ചത് ഓഫിസ് ബോയിയുടെ ജോലിയാണ്. പിന്നീട് 1999 ജൂണിൽ കോട്ടയത്തെ മാരുതി ഷോറൂമിൽ അസിസ്റ്റന്റ് മെക്കാനിക് ആയി ജോലിക്ക് കയറുമ്പോൾ 750 രൂപയായിരുന്നു ശമ്പളം.
'വണ്ടിപ്പണി'യെടുത്ത് മടുത്തപ്പോഴാണ് മാരുതിയുടെ സ്കിൽ ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. രാപ്പകലില്ലാതെ പഠിച്ച് ഓൾ കേരള ടെക്നിക്കൽ കോമ്പറ്റീഷനിൽ ഒന്നാമതെത്തി. പിന്നെ മാരുതിയുടെ സൗത് ഇന്ത്യ സ്കിൽ ടെസ്റ്റിലും ജേതാവായി. അതേവർഷം ഓൾ ഇന്ത്യ മാരുതി സ്കിൽ ടെസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തി ജസ്റ്റിനെ മാരുതി നോട്ടമിട്ടു. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ സ്കിൽ ടെസ്റ്റിനുള്ള പരിശീലന ക്യാമ്പിലേക്ക് അവർ ക്ഷണിച്ചു. 2003ൽ നടന്ന ഏഷ്യൻ സ്കിൽ ടെസ്റ്റിൽ മാരുതിയെ പ്രതിനിധീകരിച്ച് ഇന്ത്യക്കുവേണ്ടി മത്സരിച്ചത് ജസ്റ്റിനും ജോൺസനുമാണ്.
ഇന്തോനേഷ്യയേയും തായ്വാനെയും രണ്ടും മൂന്നുംസ്ഥാനത്താക്കി ജസ്റ്റിൻ ഒന്നാമതെത്തി. ഏഷ്യയിൽ നിന്നുള്ള 3500 ടെക്നിഷ്യൻമാരെയാണ് ജസ്റ്റിൻ പിന്നിലാക്കിയത്. പിറ്റേ വർഷം സുസുക്കി വേൾഡ് ടെക്നിക്കൽ സ്കിൽ കോമ്പറ്റീഷനിൽ പങ്കെടുത്ത മാരുതി ഇന്ത്യൻ ടീം ലീഡറായിരുന്ന ജസ്റ്റിൻ മടങ്ങിയത് ഓവർസീസ് ടീമിന്റെ ബെസ്റ്റ് പെർഫോമൻസ് എന്ന ഖ്യാതിയുമായിട്ടാണ്. പിന്നീട് ഫെറാറി മോഹം മനസ്സിലുദിച്ചപ്പോൾ 2006ലാണ് ഫെറാറിയുടെയും മാസെറാറ്റിയുടെയും യു.എ.ഇയിലെ ഡിസ്ട്രിബ്യൂട്ടർ ആയ അൽ തായർ മോട്ടോഴ്സിൽ ചേരുന്നത്.
'ചക്ക വീണപ്പോൾ മുയൽ ചത്തതല്ല'
അൽ തായറിൽ മെക്കാനിക് ആയിട്ടായിരുന്നു തുടക്കം. പടിപടിയായി ടെക്നിക്കൽ അഡ്വൈസർ ആയി. അപ്പോഴാണ് 2015ൽ ഫെറാറിയുടെ വേൾഡ് സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹമുദിക്കുന്നത്. ജസ്റ്റിന്റെ കൈത്തഴക്കവും പ്രതിഭയും തേടി ഇന്ത്യയിൽ നിന്ന് രത്തൻ ടാറ്റയും ഗൗതം സിംഘാനിയയും പോലുള്ള തലയെടുപ്പുള്ള കസ്റ്റമേഴ്സ് പോലും ദുബൈയിലെത്തിയത് അറിയാമായിരുന്ന കമ്പനി പരിശീലനത്തിനായി ഭീമൻ തുക അനുവദിച്ചതോടെ അതിനുള്ള വഴി തെളിഞ്ഞു. ഒരുമാസത്തോളം രാത്രിയെ പകലാക്കി പഠിച്ച ജസ്റ്റിൻ പല കടമ്പകളും കടന്ന് ഇറ്റലിയിൽ നടക്കുന്ന സെമിഫൈനലിലെത്തി. പിന്നെ ഫൈനലും. ഫൈനലടുത്തതോടെ ഇറ്റലിയിലെ ഡിസംബർ തണുപ്പിലും ജസ്റ്റിൻ പേടിച്ച് വിയർത്തു. കാരണം, ഏറ്റുമുട്ടേണ്ടത് അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഒമ്പത് പേരോടാണ്. അഞ്ചു തിയറി, അഞ്ചു പ്രാക്ടിക്കല്‍, രണ്ടു ഡ്രൈവിങ്. ഇങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളില്‍ വിജയിച്ചു കയറണം.
കരുത്തരായ പ്രതിയോഗികളോട് മുട്ടാനുള്ള പരിചയസമ്പത്തിന്റെ കുറവിനെ കഠിനാധ്വാനം കൊണ്ട് ജസ്റ്റിൻ മറികടന്നു. റേസിങ് ട്രാക്കിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വണ്ടിയോടിക്കുന്ന 'ഡൈനമിക് ടെലി മെട്രിക്ക് ടെസ്റ്റ്' ഉൾപ്പെടെയുള്ള കടമ്പകൾ കടക്കാൻ ദിവസം 15 മണിക്കൂർ വരെ പരിശീലനം നടത്തി. ഒടുവിൽ സ്പെയിൻകാരനെയും സ്വിറ്റ്സർലൻഡുകാരനെയും പിന്നിലാക്കി ജസ്റ്റിൻ ജേതാവുമായി. 'ചക്ക വീണ് മുയല് ചത്തതാണെ'ന്ന് കളിയാക്കവർക്ക് ജസ്റ്റിൻ മറുപടി നൽകിയത് 2016ലും ഫൈനൽ റൗണ്ടിലെത്തിയിട്ടാണ്. ആ വർഷം അമേരിക്കയിലായിരുന്നു മത്സരം. പക്ഷേ, ചില സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി വിസ നിഷേധിക്കപ്പെട്ടതിനാൽ പങ്കെടുക്കാനായില്ല. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലായ ജസ്റ്റിൻ 2017ലും ഫൈനലിലെത്തി. ഇറ്റലിയിൽ നടന്ന ഫൈനലിൽ പോളണ്ടിനെയും അമേരിക്കയെയും പിന്നിലാക്കി ജസ്റ്റിൻ തന്നെ കപ്പിൽ മുത്തമിട്ടു.
കാർ വാഷിങിൽനിന്ന് തുടങ്ങി ഫെറാറിയുടെ ലോക ചാമ്പ്യൻപട്ടം വരെ കിട്ടിയപ്പോൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യത നേടണമെന്ന് പലരും ഉപദേശിച്ചിട്ടും ജസ്റ്റിൻ അതിന് തയാറായില്ല. ഐ.ടി.ഐ. യോഗ്യതയുള്ളൊരാൾ ഇത്രയും നേട്ടം കൈവരിച്ചതിന്റെ 'ത്രില്ല്' അതോടെ കെട്ടടങ്ങുമെന്നതാണ് കാരണം. 'ഐ.ടി.ഐ പാസായ ഞാൻ ഫെറാറി ലോക ചാമ്പ്യനായതും ഇത്രയും വലിയ കമ്പനിയിൽ ടെക്നിക്കൽ മാനേജർ ആയതുമൊക്കെ പലർക്കും പ്രചോദനമായിട്ടുണ്ട്. ഇതൊരു ഭാവിയുള്ള കരിയർ ആണെന്ന ആത്മവിശ്വാസം ഐ.ടി.ഐ യോഗ്യതയുള്ള ഒരാൾക്ക് തോന്നണമെങ്കിൽ ഞാൻ ഇങ്ങനെ തന്നെ തുടരണം. കുറച്ചധികം പ്രയത്നിക്കാനുള്ള മനസ്സും ഗുരുക്കന്മാരുടെ അനുഗ്രഹവും കുറച്ച് ഭാഗ്യവും ഉണ്ടെങ്കിൽ ആർക്കും ഇതും ഇതിലപ്പുറവും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന എന്റെ ജീവിതം' -ജസ്റ്റിൻ പറയുന്നു.
എൻജിനീയറിങ് മോഹം ഉപേക്ഷിക്കേണ്ടി വന്ന ജസ്റ്റിൻ ഇപ്പോൾ എൻജിനീയറിങ് കോളജുകളിൽ ഗസ്റ്റ് ആയി പോയി ക്ലാസുകളെടുക്കുന്നുണ്ട്. കരിയർ ഗൈഡൻസ് ക്ലാസുകളുമെടുക്കുന്നു. താൻ നേടിയ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനായി Jestin's Auto Vlog എന്ന യുട്യൂബ് ചാനലും നടത്തുന്നുണ്ട്. ഫോർമുല വൺ കാറോട്ട മത്സരത്തിൽ 2010-14 സീസണിൽ ഫെറാറി ടീമിന്റെ ഡ്രൈവറായിരുന്ന ഫെർണാണ്ടോ അലോൺസോയാണ് ജസ്റ്റിന്റെ ഓൾടൈം ഹീറോ. മൂത്തമകന് ഇട്ടിരിക്കുന്നത് അലോൺസോയുടെ പേരാണ്. എട്ടിൽ പഠിക്കുന്ന അലോൺസോ, നാലിൽ പഠിക്കുന്ന അഡ്രിനോ, രണ്ടിൽ പഠിക്കുന്ന അമേയ എന്നിവരാണ് മക്കൾ. സർവ പിന്തുണയുമായി ഭാര്യ ജിഷയും ജസ്റ്റിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.