പരിഷ്കരിച്ച സോനറ്റ് അവതരിപ്പിച്ച് കിയ മോട്ടോർസ്. പുതിയ രൂപവും ഭാവവും സുരക്ഷയും കോർത്തിണക്കിയാണ് പുത്തൻ മിനി എസ്.യു.വിയെ കിയ അവതരിപ്പിച്ചിരിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തും മാറ്റങ്ങളുണ്ട്.
വാഹനത്തിന്‍റെ അവതരണം നടന്നുവെങ്കിലും 2024 ആദ്യ പാദത്തിലായിരിക്കും വില പ്രഖ്യാപനവും ലോഞ്ചും നടക്കുക. മുഖംമിനുക്കിയ മോഡലിനായുള്ള ബുക്കിങ് ഡിസംബർ 20-ന് ആരംഭിക്കും.
എക്സ്റ്റീരിയർ
കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലാണ് മുൻവശത്ത്. മുൻ പതിപ്പിലേതിൽ നിന്ന് വ്യത്യസ്‌തമായി സെൽറ്റോസിന് സമാനമായ വലിയ ഗ്രില്ലാണ് ഇത്തവണ നൽകിയിരിക്കുന്നത്. കൂടുതൽ വ്യത്യസ്‌തമായ ഹെഡ്‌ലൈറ്റ് യൂനിറ്റും എസ്‌യുവിക്ക് ഫ്രഷ് ഫീലാണ് നൽകുന്നത്.
സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത തിരശ്ചീനമായി ഘടിപ്പിച്ചതിരിക്കുന്ന എൽഇഡി ഫോഗ് ലൈറ്റുകൾ, അലോയ് വീലുകൾ എന്നിവ പുതിയ സോനറ്റിനെ വ്യത്യസ്തനാക്കുന്നു. പുതിയ റീഡിസൈനിൽ വരുന്ന 16 ഇഞ്ച് അലോയ് വീലുകളും പ്രത്യേകതയാണ്.
പിൻവശത്തേക്ക് വന്നാലും കാര്യമായ മാറ്റങ്ങളുണ്ട്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും പിൻഭാഗത്ത് പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇത് വാഹനത്തിന് പ്രീമിയം ടച്ച് നൽകുന്നു. ഒപ്പം റിയർ ബമ്പറിലും പുതുരൂപം കാണാനാവും.
ഇന്റീരിയർ
പുതിയൊരു അകത്തളമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ സെഗ്മെന്റിലെ തന്നെ ഏറ്റവും സമ്പന്നമായ എസ്‌യുവി ആണ് സോനെറ്റ്. സെൽറ്റോസിനെ അനുസ്മരിപ്പിക്കുന്ന കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. 10.25 ഇഞ്ച് പ്രധാന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ യൂനറ്റുമാണ് വാഹനത്തിലുള്ളത്.
360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക്, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സോനറ്റിലെ ഫീച്ചർ ലിസ്റ്റ്. സുരക്ഷ ഉയർത്താൻ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നുണ്ട്. കൂടാതെ എസ്‌യുവിയിൽ ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളും ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകളും ഉണ്ട്.
സുരക്ഷക്ക് എഡാസ്
എഡാസ് ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഒരു സവിശേഷത. ലെവൽ വൺ എഡാസ് സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് കൊളിഷൻ വാണിങ് (FCW), ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് വാർണിങ്, ലെയ്ൻ ഫോളോവിങ് അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിങ് എന്നിവയാണ് സോനെറ്റിലെ എഡാസ് ടെക്കിൽ ഉൾപ്പെടുന്നത്.
എഞ്ചിൻ
പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഡീസൽ മാനുവലും തിരികെയെത്തിയിട്ടുണ്ട്.
നിറങ്ങൾ
പുതിയ കിയ സോനെറ്റ് എട്ട് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും X ലൈനിന് മാത്രമുള്ള മാറ്റ് ഷേഡിലും ലഭ്യമാണ്. പ്യൂറ്റർ ഒലിവ്, ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ് എന്നിവയാണ് മോണോടോൺ നിറങ്ങൾ. അതേസമയം ബ്ലാക്ക് റൂഫിൽ റെഡ്, ബ്ലാക്ക് റൂഫ് ഉള്ള വൈറ്റ് എന്നിവയാണ് ഡ്യുവൽ ടോൺ നിറങ്ങൾ. HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ സോനെറ്റ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.