കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരിക്കുന്ന കോടീശ്വരന്മാർ സൂപ്പർ കാറുകൾ വാങ്ങി രസിക്കുകയായിരുന്നൊ? അങ്ങിനെ സംശയിക്കേണ്ടിയിരിക്കുന്ന ചില കണക്കുകളാണ് പുറത്തുവരുന്നത്. ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബൊർഗിനി ചരിത്രത്തിലെ ഏറ്റവുംവലിയ വിൽപ്പനയാണ് 2020 സെപ്റ്റംബറിൽ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 738 വാഹനങ്ങൾ വിറ്റതായി കമ്പനിവൃത്തങ്ങൾ പറയുന്നു. ഇത് ലാംബൊയുടെ എക്കാലത്തെയും മികച്ച സെപ്റ്റംബർ വിൽപ്പനയാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങളും കോവിഡ് അനുബന്ധ ഘടകങ്ങളും ഉണ്ടായിട്ടും സൂപ്പർകാറുകളുടെ വിൽപ്പന വർധിക്കുകയാണെന്നാണ് ലാംബൊയുടെ വിൽപ്പന നൽകുന്ന സൂചന. വെല്ലുവിളികൾക്കിടയിലും സാധാരണപോലെ ബിസിനസ് കൈാര്യം ചെയ്തതാണ് ഇവരുടെ വിജയത്തിന് പിന്നിലെന്ന് വിപണിവിദഗ്ധർ പറയുന്നു.
ആഗോള വിപണിയിൽ ഹുറാക്കാൻ ആർഡബ്ല്യുഡി സ്പൈഡർ, സിയോൺ റോഡ്സ്റ്റർ, എസെൻസ എസ്‌സിവി 12 എന്നീ മൂന്ന് പുതിയ മോഡലുകൾ ഇക്കാലയളവിൽ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഉറൂസ്, അവന്തഡോർ എന്നിവ പതിനായിരം എണ്ണം വിറ്റഴിഞ്ഞ സുപ്രധാന നാഴികക്കല്ലുകളും കമ്പനി ഇക്കാലയളവിൽ പിന്നിട്ടിരുന്നു. 'ഈ ഫലങ്ങളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. മോട്ടാർവാഹന രംഗത്തെ കരുത്തുറ്റ ബ്രാൻഡെന്ന സ്ഥാനം നിലനിർത്താൻ പകർച്ചവ്യാധിക്കാലത്തും കഴിഞ്ഞത് അഭിമാനകരമാണ്'-ലംബൊർഗിനി ചെയർമാനും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു. ഇറ്റലിയിൽ കോവിഡ് വ്യാപകമായി പ്രചരിച്ചത് ലംേബാർഗിനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ വേഗത്തിൽതന്നെ അത് മറികടക്കാൻ ഇവർക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.