ഉറൂസ് എസ് ഇന്ത്യയിൽ അവതരിപ്പിച്ച് ലം​ബോർഗിനി; സൂപ്പർ എസ്.യു.വിയുടെ വില 4.18 കോടി

പെര്‍ഫോമന്റെ വേരിയന്റിന് പിന്നാലെ ഉറൂസ് എസ് മോഡലും ഇന്ത്യയിൽ. 4.18 കോടി രൂപ മുതലാണ് ഉറൂസ് എസ് എസ്‌.യു.വിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന് പകരക്കാരനായിട്ടാണ് ഉറൂസ് എസ് വിപണിയിലെത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ ഉറൂസ് പെര്‍ഫോമന്റെ പതിപ്പിനൊപ്പമാണ് ഉറൂസ് എസും ലൈനപ്പിലേക്ക് എത്തുന്നത്.

പെര്‍ഫോമന്റെ വേരിയന്റിനേക്കാൾ വില കുറവാണ് എസിന്. 4.22 കോടി രൂപ മുതലാണ് ഉറൂസ് പെര്‍ഫോമന്റെയുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. പെര്‍ഫോമന്റെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആകുമ്പോള്‍ ആഢംബരത്തിലാണ് ഉറൂസ് എസ് തിളങ്ങുന്നത്. ആഢംബരത്തിനും കസ്റ്റമൈസേഷനും പ്രാധാന്യം നൽകിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

ഉറൂസ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ പകരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഉറൂസ് എസ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. 666 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഉറൂസ് പെര്‍ഫോമന്റെയുടെ അതേ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ആണ് ഉറൂസ് എസിനും കരുത്ത് പകരുന്നത്. ഉറൂസ് പെര്‍ഫോമന്റെ വെറും 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. എന്നാല്‍ പുതിയ ഉറൂസ് എസിന് ഈ വേഗതയിലെത്താന്‍ 3.5 സെക്കന്‍ഡ് സമയം വേണം. മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.


എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കച്ച ഹാന്‍ഡ്ലിംഗിനായി പെര്‍ഫോമന്റെയില്‍ ലംബോര്‍ഗിനി സ്പോര്‍ട്ടിയര്‍, ലോവേര്‍ഡ്, ഫിക്‌സഡ് കോയില്‍ സ്പ്രിങ് ആണ് നല്‍കിയത്. അതേസമയം ഉറുസ് എസില്‍ എയര്‍ സസ്‌പെന്‍ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് സൂപ്പര്‍ എസ്‌യുവിയുടെ യാത്രാസുഖം ഉയര്‍ത്തും. സ്ട്രാഡ, സ്‌പോർട്ട്, കോര്‍സ (സ്ട്രീറ്റ്, സ്‌പോര്‍ട്, ട്രാക്ക) എന്നീ മോഡുകള്‍ക്ക് പുറമെ സബിയ, നെവെ, ടെറ (സാന്‍ഡ്, സ്‌നോ, മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകള്‍ കൂടി ഉറൂസ് എസിന് ലഭിക്കുന്നു.

പുതിയ ബമ്പര്‍, കൂളിങ് വെന്റുകളുള്ള ബോണറ്റ്, റീപ്രൊഫൈല്‍ ചെയ്ത ബമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉറുസ് പെര്‍ഫോമന്റെയുടെ അതേ കോസ്‌മെറ്റിക് നവീകരണങ്ങളാണ് ഉറൂസ് എസിനും നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍-ഫൈബര്‍ ബോണറ്റും കാര്‍ബണ്‍-ഫൈബര്‍ റൂഫും ഉറൂസ് പെര്‍ഫോമന്റെയില്‍ ഓപ്ഷനലായി ലഭ്യമാണ്. അകത്തളത്തിലേക്ക് കടന്നാല്‍ പെര്‍ഫോമന്റെയുടെ അതേ ഇന്റീരിയര്‍ ഡിസൈനാണ് എസിന് ലഭിക്കുന്നത്. എന്നാല്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലില്‍ മാറ്റമുണ്ടെന്ന് മാത്രം.


ഉറൂസ് പെര്‍ഫോമന്റെയില്‍ ഒരു ബ്ലാക്ക് അല്‍കന്റാര ഇന്റീരിയര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അതേസമയം ഉറൂസ് എസ് എസ്‌യുവിയില്‍ ലെതര്‍ ഇന്റീരിയറാണ് സ്റ്റാന്‍ഡേര്‍ഡ്. അല്‍കന്റാര ഇന്റീരിയര്‍ വേണമെന്നുണ്ടെങ്കില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. ലംബോര്‍ഗിനിയുടെ വിശാലമായ ചോയ്‌സുകള്‍ക്കിടയില്‍ നിന്ന് ലംബോര്‍ഗിനി ഉറൂസ് എസ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം.

Tags:    
News Summary - Lamborghini Urus S Launched In India Priced At Rs 4.18 Crore; See Pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.