ലോകവാഹന വിപണി നിർണായകമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സന്ദർഭമാണിത്. പ്രകൃതിദത്ത ഇന്ധനങ്ങളിൽ നിന്ന് വൈദ്യുതിയിലേക്കുള്ള മാറ്റമാണ് ഇതിൽ പ്രധാനം. 2030ൽ യൂറോപ്പിൽ ഒറ്റ പെട്രോൾ ഡീസൽ വാഹനങ്ങൾ അവശേഷിക്കില്ല എന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയും മാറ്റത്തിെൻറ പാതയിലാണ്. നാം കണ്ടുപരിചയിച്ച വാഹന രൂപങ്ങളെ സമ്പൂർണമായി പരിഷ്കരിക്കാൻ പോന്നതാണ് നിലവിലെ വൈദ്യുതവത്കരണം. ഗ്രില്ലുകളും എയർവെൻറുകളും വേണ്ടാത്ത, എക്സ്ഹോസ്റ്റ് പൈപ്പുകളില്ലാത്ത, ക്ലച്ചും ഗിയർലിവറും അപ്രത്യക്ഷമായ വാഹനങ്ങളുടെ കാലമാണിനി. ദീർഘദർശിത്വമുള്ള വാഹന നിർമാതാക്കളെല്ലാം ഇത് തിരിച്ചറിഞ്ഞ് മാറ്റത്തിെൻറ പാതയിലാണ്.
ഇന്ത്യക്കാരുടെ സ്വന്തം മഹീന്ദ്രയും ലോകചലനത്തിനൊപ്പം നീങ്ങാനുള്ള ഒരുക്കത്തിലാണ്. ആദ്യ പടിയായി തങ്ങളുടെ ലോഗോ പരിഷ്കരിച്ചിരിക്കുകയാണ് ഇന്ത്യൻ വാഹനഭീമൻ. ആദ്യഘട്ടത്തിൽ എസ്.യു.വികൾക്കുള്ള ലോഗോ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിളുകളിൽ (എസ്‌യുവി) ഉപയോഗിക്കാനായി പുതിയ ലോഗോ അവതരിപ്പിച്ചിട്ടുണ്ട് മഹീന്ദ്ര. പുതിയ ലോഗോ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകൾക്കും സേവന കേന്ദ്രങ്ങൾക്കും പുതിയ രൂപവും ഭാവവും നൽകും. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ലായിരിക്കും ലോഗോ ആദ്യമായി വരിക.
ലോഗോ വിശേഷങ്ങൾ
പുതിയ ലോഗോയെ മഹീന്ദ്ര വിളിക്കുന്നത് 'ട്വിൻ പീക്സ്'എന്നാണ്. രണ്ട് കൊടുമുടികൾ ചേർന്നിരിക്കുന്ന രൂപമാണ് ലോഗോക്ക്. മഹീന്ദ്രയിലെ എം എന്ന അക്ഷരത്തേയും ലോഗോ പ്രതിനിധാനം ചെയ്യുന്നു. പ്രശസ്ത ഡിസൈനർ പ്രതാപ് ബോസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ചീഫ് ഡിസൈൻ ഓഫീസറുമായ എം & എം ഡിസൈൻസ് ആണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
'നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് ആവശ്യമുള്ളപ്പോൾ പോകാമെന്നാണ് ലോഗോ പറയുന്നത്. പൂർണമായ നിയന്ത്രണവും സുരക്ഷിതത്വവും നൽകാനായി നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. ആവേശകരമായ ഒരു പുതിയ യുഗം ആരംഭിക്കുകയാണ്. ലോഗോയ്ക്കുള്ളിലെ എമ്മുകൾ ഉറച്ച പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ആവേശകരമായ ഭാവിയെ പ്രതീകവത്കരിക്കുന്നു'-പ്രതാപ് ബോസ് പറയുന്നു.
എക്സ്.യു.വി 700ൽ കഴിഞ്ഞാൽ ഘട്ടം ഘട്ടമായി ബാക്കിയുള്ള എസ്‌യുവി ശ്രേണിയിലേക്കും ഇവ ഉൾപ്പെടുത്തും. വാണിജ്യ വാഹനങ്ങൾക്കും കാർഷിക ഉപകരണ മേഖലയ്ക്കും പഴയ ലോഗോ തുടരാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. മഹീന്ദ്ര ബ്രാൻഡിന് പുതിയ വിഷ്വൽ ഐഡൻറിറ്റി കൊണ്ടുവരാൻ ലക്ഷ്യമിടുന്നതിനാൽ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളും ലോഗോക്ക് അനുസൃതമായി മാറും. സേവന കേന്ദ്രങ്ങളും പരിഷ്കരിക്കും. ഡീലർഷിപ്പുകൾക്ക് പുതിയ രൂപകൽപ്പനയും കളർ പാലറ്റും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.