മഹീന്ദ്രയുടെ ഹോട്ട്സെല്ലിങ് എസ്.യു.വികളായ ഥാർ, എക്സ്.യു.വി 700 എന്നീ വാഹനങ്ങൾ തിരിച്ചുവിളിച്ച് മഹീന്ദ്ര. എക്സ്.യു.വിയുടെ ഡീസൽ വേരിയന്റും ഥാറിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങളുമാണ് തിരിച്ചുവിളിക്കുന്നത്. എക്സ്.യു.വി 700 ഡീസൽ മോഡലിൽ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ തകരാർ കണ്ടെത്തിയിട്ടുണ്ട്.
എക്സ്.യു.വി 700ൽ ടർബോചാർജറിലാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടർബോചാർജർ ആക്യുവേറ്റർ ലിങ്കേജ് പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കും. ഥാർ ഡീസലിൽ ടർബോചാർജർ ആക്യുവേറ്റർ ലിങ്ക്, ഓട്ടോ ടെൻഷനർ, ബെൽറ്റ് എന്നിവയിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഥാർ പെട്രോൾ മോഡലിൽ ഓട്ടോ ടെൻഷനറും ബെൽറ്റും പരിശോധിച്ച് കുഴപ്പം കണ്ടെത്തിയാൽ മാറ്റിസ്ഥാപിക്കും.
ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ എല്ലാ തകരാറുകളും സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വാഹന ഉടമകൾ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അവരുടെ വാഹനങ്ങൾ തിരിച്ചുവിളിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ തിരിച്ചുവിളിയുടെ ഭാഗമാണോയെന്ന് പരിശോധിക്കാൻ അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പുകളുമായും ബന്ധപ്പെടാം.
ഥാർ എസ്.യു.വിയെ അടുത്തിടെ കമ്പനി ചെറുതായൊന്ന് പരിഷ്‍കരിച്ചിരുന്നു. പുതിയ ട്വിൻ പീക്‌സ് ലോഗോ ഉപയോഗിച്ച് വാഹനം അപ്‌ഡേറ്റ് ചെയ്യുകയും മികച്ച എർഗണോമിക്‌സിനായി ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. XUV700-ൽ അരങ്ങേറ്റം കുറിച്ച ട്വിന്‍ പീക്സ് ലോഗോയാണ് ഇപ്പോൾ ഥാറിനും നൽകിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌ത ലോഗോ ലഭിച്ച രണ്ടാമത്തെ മഹീന്ദ്ര മോഡല്‍ സ്‌കോർപിയോ-എൻ ആയിരുന്നു. തുടർന്ന് സ്‌കോർപിയോ ക്ലാസിക്, ഇപ്പോൾ ബൊലേറോ നിയോ, താർ, എക്‌സ്‌യുവി300 മുതലായവ ഉൾപ്പെടെ മറ്റെല്ലാ എസ്‌യുവികൾക്കും ഇത് നൽകി.
ഥാറിന്റെ സൈഡ് പ്രൊഫൈലിൽ, അലോയ് വീലുകളിലും പുതിയ ലോഗോ കാണാം. കീ ഫോബും അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട്. സ്റ്റിയറിംഗ് വീലിലും ലോഗോ പതിച്ചിട്ടുണ്ട്. പുതുക്കിയ മോണോഗ്രാമിനൊപ്പം ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഉണ്ടായിരിക്കും.
എക്സ്.യു.വി 700 എസ്.യു.വിയുടെ വില അടുത്തിടെ മഹീന്ദ്ര ഉയർത്തിയിരുന്നു. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 20,072 രൂപ മുതൽ 36,814 രൂപ വരെയാണ് വർധനവ് ഉണ്ടായത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിലും രണ്ട് സീറ്റിങ് ലേഔട്ടുകളിലും രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലും നിരവധി ട്രിം ലെവലുകളിലുമാണ് നിലവിൽ വാഹനം ലഭ്യമാവുന്നത്.
AX7 ഡീസൽ ഓട്ടോമാറ്റിക് ലക്ഷ്വറി പാക്ക് ഏഴ് സീറ്റുകളുള്ള മോഡലിനാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. 36,814 രൂപ. അതേസമയം, AX3 ഡീസൽ മാനുവൽ ട്രാൻസ്മിഷൻ അഞ്ച് സീറ്റ് മോഡലിനാണ് ഏറ്റവും കുറവ് വർധന. 20,072 രൂപ. ഇതോടെ എക്സ്.യു.വി 700 ന്‍റെ വില ആരംഭിക്കുന്നത് MX പെട്രോൾ മോഡലിന് 13.45 ലക്ഷം രൂപ മുതൽ ആൾ വീൽ ഡ്രൈവ് മോഡലായ AX7 ഡീസൽ ലക്ഷ്വറിക്ക് 24.95 ലക്ഷം രൂപ വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.