വീടിന് മുന്നിൽ പാർക് ചെയ്ത വാഹനത്തിന് പിഴ ചുമത്തി; വാനുകൾ ടെറസിൽ കയറ്റിയിട്ട് ഉടമ

വാഹനങ്ങളുടെ പിഴശിക്ഷയാണ​ല്ലോ നാട്ടിലെ പ്രധാന ചർച്ചാ വിഷയം. നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും വാഹനമുള്ളവരുടെ പ്രധാന തലവേദനയാണ് പിഴശിക്ഷകൾ. പാർക്കിങ് ഫീസും പിഴയും കൊടുത്ത് മുടിഞ്ഞ വാഹന ഉടമ തന്റെ വാനുകളെ വീട്ടിന് മുകളിൽ കയറ്റിയിട്ടെന്ന വാർത്ത പുറത്തുവരുന്നത് തയ്‍വാനിൽ നിന്നാണ്.

തന്റെ വീടിന് പുറത്ത് തെരുവിൽ വാഹനം നിർത്തിയതിന് പിഴ ചുമത്തപ്പെട്ടതിനെത്തുടർന്നാണ് തയ്‍വാൻകാരൻ വീടിന്‍റെ മുകള്‍ നിലയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാൻ തീരുമാനിച്ചത്. തയ്‌വാനിലെ തായ്‌ചുങ്ങിലുള്ള സിവില്‍ എഞ്ചിനീയറാണ് തന്റെ പഴയ രണ്ട് വാനുകൾ ഫ്ലാറ്റിന്‍റെ മേൽക്കൂരയിൽ പാർക്ക് ചെയ്‌തത്. തായ്‌ചുങ്ങിലെ നോർത്ത് ഡിസ്ട്രിക്ടിലെ ഡോങ്‌ഗുവാങ് 2-ാം സ്ട്രീറ്റിലാണ് സംഭവം.

അനധികൃത പാർക്കിങിന്റെ പേരിൽ ആവർത്തിച്ച് പിഴ ഈടാക്കിയതിനെ തുടര്‍ന്നാണ് താൻ ക്രെയിൻ വാടകയ്ക്കെടുത്ത് വാഹനങ്ങളെ വീടിന് മുകളില്‍ കയറ്റിയതെന്ന് ഉടമ പറയുന്നു. ഒരു വാൻ ടെറസിന്‍റെ നടുക്കും മറ്റേ വാൻ ടെറസിന്‍റെ അരഭിത്തിയോട് ചേര്‍ന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലുമാണ് വീടിന്‍റെ മേല്‍ക്കൂരയില്‍ പാര്‍ക്ക് ചെയ്‍തത്. വാഹനങ്ങൾ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ അയല്‍വാസികള്‍ തന്നെയാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്.

തുടർന്ന് വാഹനങ്ങൾ മേൽക്കൂരയിൽ നിന്ന് ഇറക്കാൻ നഗരസഭാ അധികൃതർ ഇയാളോട് ആവശ്യപ്പെട്ടു. പക്ഷേ സാങ്കേതികമായി നിയമങ്ങളൊന്നും താൻ ലംഘിക്കുന്നില്ലെന്ന് പറഞ്ഞ് ഉടമ ഇത് നിരസിക്കുകയായിരുന്നു. സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ രണ്ട് വാഹനങ്ങളുടെയും ഭാരം താങ്ങാൻ കഴിയുമെന്നും ഉടമ പറയുന്നു.

ഉടമ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും പൊതുസുരക്ഷയ്ക്കായി വാഹനങ്ങൾ വീടിന് മുകളില്‍ നിന്നും മാറ്റാൻ നിർദേശിച്ചതായി അധികൃതര്‍ പറയുന്നു. തുടർന്ന് വാഹനങ്ങൾ ഇവിടന്ന് മാറ്റാൻ ഇയാൾ സമ്മതിച്ചതായാണ് വിവരം.

Tags:    
News Summary - Man Parks His Vans On Roof To Avoid Fine; No, We Are Not Joking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.