പേര് ഗ്രാൻഡ് വിറ്റാര തന്നെ; മാരുതിയുടെ പുതിയ എസ്.യു.വിയുടെ അവതരണം 20ന്; ഇന്ധനക്ഷമത 25 km/l

ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പിന് പേരിട്ടു. മാധ്യമം ഹോട്ട്വീൽസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നതുപോലെ ഗ്രാൻഡ് വിറ്റാര എന്നാണ് വാഹനത്തിന്റെ പേര്. ജൂലൈ 20ന് വാഹനം അവതരിപ്പിക്കും. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം.

അടുത്തിടെ പരിഷ്കരിച്ച് പുറത്തിറക്കിയ ബ്രെസ്സയുടെ പേരിൽ നിന്ന് വിറ്റാര എന്നത് മാരുതി ഒഴിവാക്കിയിരുന്നു. പുതിയ വാഹനത്തിന്റെ പേരിടാനാണ് ഇതെന്ന് അന്നുതന്നെ വിവരമുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹൈറൈഡർ എന്ന ടൊയോട്ട വാഹനത്തിന്റെ മാരുതി പതിപ്പാണ് ഗ്രാൻഡ് വിറ്റാര. ഗ്രില്ല് ലോഗോ തുടങ്ങിയവയിൽ മാത്രമാണ് മാറ്റം പ്രതീക്ഷിക്കുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക.

ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ച 1.5-ലിറ്റർ മൈൽഡ്-ഹൈബ്രിഡ്, 1.5-ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിനുകളാണ് വാഹനത്തിന്റെ പ്രത്യേക. സുസുകിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. ടൊയോട്ട ഹൈറൈഡറിനെ പോലെ, വരാനിരിക്കുന്ന മാരുതി സുസുകി മിഡ്‌സൈസ് എസ്‌യുവി ഒരു ആഗോള മോഡലായിരിക്കും. ഇന്ത്യയെക്കൂടാതെ ആഫ്രിക്കയും യൂറോപ്പും ഉൾപ്പെടെ ഒന്നിലധികം വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യും.


2015 മുതൽ അന്താരാഷ്‌ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ വിറ്റാരയ്ക്ക് പകരമായി എസ്‌യുവിക്ക് മാറുമെന്നും സൂചനയുണ്ട്. മാരുതി സുസുക്കി 2015 ൽ പുറത്തിറക്കിയ വാഹനമാണ് എസ്ക്രോസ്. 1.3 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകളുമായാണ് വാഹനം വിപണിയിലെത്തിയത്. 2020 ൽ ബിഎസ് 6 നിയന്ത്രണത്തെ തുടർന്ന് 1.5 ലീറ്റർ പെട്രോൾ എൻജിനോടൊണ് നിലവിൽ വിൽപനയ്ക്കുള്ളത്.

ടൊയോട്ടയുടെ 1.5 ലിറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24–25 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് പ്രതീക്ഷ.

മാരുതി സുസുക്കിയുടെ 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.


ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിൽ ഹൈറൈഡറിനൊപ്പമായിരിക്കും വിറ്റാരയും നിർമിക്കുക. രണ്ട് മോഡലുകൾക്കും എക്സ്റ്റീരിയറിലും ഇന്റീരിയറിലും പൊതുവായ സ്റ്റൈലിംഗ് ഉണ്ടായിരിക്കും. സമീപകാലത്ത് പുറത്തിറങ്ങിയ ബലെനോ, ഗ്ലാൻസ, പുതിയ ബ്രെസ്സ തുടങ്ങിയ മോഡലുകൾക്ക് സമാനമായ ലേഔട്ടാണ് വിറ്റാരക്കും നൽകുക. ഡ്യുവൽ-ടോൺ ഇന്റീരിയർ ഡാഷിൽ പാഡഡ് ലെതർ ലഭിക്കും. കൂടാതെ ചില ക്രോം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഡോർ പാഡുകളിലും നൽകും.

9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബലെനോക്ക് സമാനമായ സ്റ്റിയറിങ് വീൽ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ഗൂഗിൾ, സിരി എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റും ഉൾപ്പെടുത്തും.

സുരക്ഷക്കായി ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ പിൻ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ പ്രതീക്ഷിക്കുന്നു. AWD പതിപ്പുകൾക്ക് ഡ്രൈവ് മോഡുകളും ലഭിക്കും.

അർബൻ ക്രൂയിസർ ഹൈറൈഡറിന് പുറമെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സോനെറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ എതിരാളികളും വാഹനത്തിനുണ്ട്.

Tags:    
News Summary - Maruti Grand Vitara name revealed for new midsize SUV; bookings open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.