വിപണിയിൽ എത്തിയതിന്റെ ഒന്നാം വാർഷികത്തിൽ ചരിത്രനേട്ടവുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂനിറ്റുകൾ വിറ്റഴിഞ്ഞ മിഡ് സൈഡ് എസ്.യു.വി എന്ന പേര് ഗ്രാൻഡ് വിറ്റാരയെ തേടി എത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വാഹനം വിപണിയിലെത്തിയത്.
ഈ സാമ്പത്തിക വർഷത്തിൽ, 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യൻ എസ്.യു.വി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനവും ഗ്രാൻഡ് വിറ്റാര ആണ്. ഗ്രാൻഡ് വിറ്റാരയെ കൂടാതെ, ഫ്രോങ്ക്സ്, ജിംനി തുടങ്ങിയ പുതിയ മോഡലുകളും മാരുതിയുടെ എസ്.യു.വി വിൽപ്പന ഉയർത്താൻ സഹായിച്ചിട്ടുണ്ട്. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് അഥവാ സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായിട്ടാണ് ഗ്രാൻഡ് വിറ്റാര വിപണിയിലെത്തിയത്. 10.70 ലക്ഷം രൂപ (എക്സ്ഷോറൂം) മുതൽ 19.83 ലക്ഷം രൂപ (എക്സ്ഷോറൂം)വരെയാണ് വിവിധ മോഡലുകളുടെ വില.
സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുമായി എത്തുന്ന 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിന് 92.45 പി.എസ് കരുത്തും 122 എൻ.എം ടോർക്കുമാണ് ഉള്ളത്. 27.97 കി.മീറ്ററാണ് ഇന്ധനക്ഷമത. 103 എച്ച്.പി കരുത്തും 137 എൻ.എം ടോർക്കുമുള്ള 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനിലും വാഹനം ലഭ്യമാണ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. 21.11 കി.മീറ്റാണ് ഇന്ധനക്ഷമത.
ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബലെനോക്ക് സമാനമായ സ്റ്റിയറിങ് വീൽ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി കാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലെ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, വോയ്‌സ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്. അതേസമയം, ഗ്രാന്‍റ് വിറ്റാരയുടെ റീ ബാഡ്ജിങ് മോഡലായ ടൊയോട്ട ഹൈറൈഡറും ചൂടപ്പംപോലെയാണ് വിറ്റഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.