ആൾട്ടോ കെ 10 ഹാച്ച്ബാക്കിന്റെ ടാക്‌സി വേരിയന്റ് പുറത്തിറക്കി മാരുതി സുസുകി. കുറഞ്ഞ ചിലവിൽ ടാക്‌സി എന്ന ആശയവുമായാണ് ടൂർ എച്ച് 1 എന്ന വേരിയന്റ് മാരുതി പുറത്തിറക്കിയിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ ക്യാബുകളായി ഉപയോഗിക്കാൻ അനുയോജ്യമാണ് ആൾട്ടോ ടൂർ എച്ച് 1.
ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എൻട്രിലെവൽ ഹാച്ചാബാക്കാണ് ആൾട്ടോ. കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതുതലമുറ ആൾട്ടോ കെ 10 അടിസ്ഥാനമാക്കിയാണ് പുതിയ ടൂർ എച്ച് 1 മോഡലും ഒരുക്കിയിരിക്കുന്നത്. മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. രണ്ട് വേരിയന്റുകളിലാണ് കാർ എത്തുന്നത്.
ആദ്യത്തെ ടൂർ എച്ച് 1 1.0 ലിറ്റർ 5-സ്പീഡ് മാനുവൽ വേരിയന്റിന് 4,80,500 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ടാമത്തെ ടൂർ എച്ച് 1 സിഎൻജി 1.0 ലിറ്റർ 5-സ്പീഡ് മാനുവൽ വേരിയന്റിന് 5,70,500 രൂപയാണ് എക്സ്ഷോറൂം വില. പെട്രോൾ എഞ്ചിൻ പതിപ്പിന് 66.6 bhp കരുത്തിൽ 89 Nm ടോർക് ഉത്പാദിപ്പിക്കാനാവും. സി.എൻ.ജി ഇന്ധനത്തിൽ ഓടുമ്പോൾ കാറിന് 56.6 bhp പവറിൽ 82.1 Nm ടോർക് ആണ് പുറത്തെടുക്കാനാവുക.
പെട്രോൾ മോഡലിന് 24.60 കിലോമീറ്ററും സിഎൻജി പതിപ്പിന് കിലോയ്ക്ക് 34.46 കിലോമീറ്ററുമാണ് മൈലേജ് ലഭിക്കുന്നത്. ഇത്രയും മൈലേജ് നൽകുന്ന മറ്റൊരു കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് ഇന്ത്യയിലില്ലെന്നാണ് മാരുതി പറയുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും മികച്ച വാഹനമാണിത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പ്രീ-ടെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റ്.
ഇതുകൂടാതെ ഫ്രണ്ട് ആൻഡ് റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), സ്പീഡ് ലിമിറ്റിങ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസറുകൾ തുടങ്ങിയവയാണ് ആൾട്ടോ K10 ടൂർ എച്ച് 1 മോഡലിൽ ലഭ്യമായ മറ്റ് സേഫ്റ്റി ഫീച്ചറുകൾ. ടോപ് സ്പീഡ് മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.